കോടതി അലക്ഷ്യക്കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറൻ്റ്. കേരള യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്.നെടുങ്കണ്ടം B. Ed കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് നടപടിയെടുത്തത്.
കോളേജ് മാനേജർ എന്ന നിലയ്ക്കാണ് വെള്ളാപ്പള്ളിക്ക് വാറൻ്റ് പുറപ്പെടുവിച്ചത്. പരാതിക്കാരന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം 19-ന് അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്.
പിരിച്ചുവിട്ട നടപടിക്കെതിരെ ഡോ.പ്രവീൺ യൂണിവേഴ്സിറ്റിയെ സമീപിച്ചു. തിരിച്ചെടുക്കാനായിരുന്നു നിർദേശം. എന്നാൽ ഇതിന് തയ്യാറാകാതെ മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചു. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് ഹൈക്കോടതി തിരിച്ചയച്ചു. ഇതോടെ ഗത്യന്തരമില്ലാതെ മാനേജ്മെൻ്റ് ട്രിബ്യൂണലിലെത്തി. ഇവിടെയും കേസ് അധ്യാപകന് അനുകൂലമായി. തിരിച്ചെടുക്കണമെന്നും സർവീസ് ആനുകൂല്യങ്ങൾ എല്ലാം നൽകണമെന്നും ആയിരുന്നു ഫെബ്രുവരി അഞ്ചിലെ ഉത്തരവ്.
ഇതിനെതിരെ കോളജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ട്രിബ്യൂണലിൻ്റെ ഉത്തരവ് റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്തില്ല. എന്നാൽ ഇത് നടപ്പാക്കാതെ മാനേജ്മെൻ്റ് നീക്കിക്കൊണ്ട് പോയപ്പോൾ ഉത്തരവിൻ്റെ കാലാവധി തീർന്ന് കാലഹരണപ്പെട്ടു. ഇതോടെ പരാതിക്കാരൻ ഡോ.പ്രവീൺ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. തിരിച്ചെടുക്കാനുളള ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ജൂൺ മാസത്തിൽ ട്രിബ്യൂണൽ വീണ്ടും ഉത്തരവിറക്കി. ഇതും പാലിക്കാതെ വന്നതോടെയാണ് മാനേജർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വെള്ളാപ്പള്ളിയുടെ പേര് പരാമർശിക്കാതെ ‘മാനേജർ, ശ്രീനാരായണ ട്രെയിനിങ് കോളജ്’ എന്നാണ് ഉത്തരവിലെ പരാമർശം.
തിരിച്ചെടുക്കാൻ ട്രിബ്യൂണൽ അവസാന ഉത്തരവ് നൽകിയ ശേഷം ജോലിയിൽ തിരിച്ചുകയറാൻ പ്രവീൺ അപേക്ഷ നൽകിയിരുന്നു. എന്നിട്ടും കോളജിൻ്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ല. അതേസമയം ഈ ഉത്തരവ് കോളേജ് മാനേജറായ വെള്ളാപ്പള്ളി നടേശൻ കൈപ്പറ്റിയെന്ന് കോടതി കണ്ടെത്തി. ഉത്തരവിറക്കി ആറുമാസമായിട്ടും നടപ്പാക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് മാനേജറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ അഡീഷണൽ ജില്ലാ ജഡ്ജി കൂടിയായ ജോസ് എൻ.സിറിളിൻ്റെ ഉത്തരവ്. അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിയുണ്ട്.