Share this Article
image
വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല; പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു
വെബ് ടീം
posted on 10-08-2024
1 min read
pet-dog-bite-44-year-old-lady-died

തിരുവനന്തപുരം:വളര്‍ത്തുനായ മാന്തിയ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. ചെന്തുപ്പൂര് ചരുവിളാകം അനു ഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്. രണ്ടര മാസം മുന്‍പ് വളര്‍ത്തുനായ മകളെ കടിക്കുകയും ജയ്‌നിയുടെ കൈയ്യില്‍ മാന്തി മുറിവേല്‍പിക്കുകയും ചെയ്തിരുന്നു.

മകള്‍ക്ക് അന്നുതന്നെ വാക്സിന്‍ എടുത്തു. ഒരു മാസം കഴിഞ്ഞ് ഈ നായ ചത്തു. തന്റെ കൈയില്‍ പട്ടിയുടെ നഖം കൊണ്ടത് ഇവര്‍ ആരോടും പറയുകയോ വാക്സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

പിറ്റേദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ഡോക്ടര്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും അവിടെ നിന്ന് റാബിസ് ബാധ സംശയിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വ്യാഴാഴ്ച ഉച്ചയോടെ മാറ്റുകയും ചെയ്തു. അവിടെ വച്ച് പേവിഷബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്‌കരിച്ചു.

നഗരസഭ ജീവനക്കാരും മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പ് ജീവനക്കാരും വീട്ടിലും ചിറക്കാണി വാര്‍ഡിലെ മറ്റു വീടുകളിലും പ്രദേശത്തും ക്ലോറിനേഷന്‍ നടത്തി. വളര്‍ത്തു നായകള്‍ക്ക് വാക്സിന്‍ എടുക്കുകയും അമ്പതോളം തെരുവ് നായകളെ പിടികൂടുകയും ചെയ്തു. രോഗിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവര്‍ക്ക് റാബിസ് വാക്സിനും നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories