Share this Article
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം; പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ്
Shafi Parambil

വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ ഇടതു അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെന്ന് വ്യക്തമായതോടെ പ്രതിഷേധം കടുപ്പിക്കുകയാണ് യുഡിഎഫ്. ഭീകരപ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

നിയമനടപടി തുടരുമെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ബാക്കി നോക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പിലിനെതിരെ ഇടതുകേന്ദ്രങ്ങളുടെ വലിയ പ്രചരണായുധമായിരുന്നു കാഫീര്‍ സ്‌ക്രീന്‍ ഷോട്ട്. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ചുവെന്നാരോപിച്ചായിരുന്നു പ്രചരണം. സംഭവത്തില്‍ ആരോപണ വിധേയനായ യൂത്ത് ലീഗ് നേതാവ് പി.കെ കാസിം ഹൈക്കോടതിയെ സമിപിച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സമൂഹമാധ്യമത്തിലെ ഇടത് ഗ്രൂപ്പുകളാണ് സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. ഇതോടെ യു.ഡിഎഫ് പതിഷേധം കടുപ്പിച്ചു. വടകരയില്‍ സിപിഐഎം നടത്തിയത്ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

വിവാദത്തിന് പിന്നില്‍ അടിമുടി സിപിഐഎം പ്രവര്‍ത്തകരാണെന്നും നിയമനടപടി തുടരുമെന്നും ഷാഫി പറമ്പിലും വ്യക്തമാക്കി. കുറ്റവാളിയെ ശിക്ഷിക്കും വരെ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുമെന്ന് മുസ്ലീം ലീഗ് പറഞ്ഞു. ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നായിരുന്നു യൂത്ത് ലീഗിന്റെ പ്രതികരണം. 

കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും ആരോപിച്ചു. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ബാക്കി നോക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories