കൊച്ചി: മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ കേസില്‍ സംവിധായകന്‍ മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.2016 മാര്‍ച്ച് 12ന് എറണാകുളത്തെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയിലായിരുന്നു മോശം പരാമര്‍ശം. ഹര്‍ജിക്കാരന്‍ ആര്‍മി ഓഫീസറും സെലിബ്രിറ്റിയുമാണ്. സാധാരണ മനുഷ്യര്‍ അവര്‍ പറയുന്നത് ശ്രദ്ധിക്കും. പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ ശ്രദ്ധിക്കണം.തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിരപരാധിത്വം തെളിയിക്കാന്‍ വിചാരണ വേളയില്‍ ഹര്‍ജിക്കാരന് അവസരം ലഭിക്കും എന്നാണ് കോടതി പറഞ്ഞത്. പ്രസംഗത്തിന്റെ പേരില്‍ മജിസ്ട്രേറ്റ് ഇദ്ദേഹത്തിന്റെ പേരില്‍ അപകീര്‍ത്തി കേസ് എടുത്തത് കോടതി റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നാണ് കേസ് എടുത്തതെന്ന് വിലയിരുത്തിയാണിത്.
അതേസമയം, ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തിട്ടുണ്ട്. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.