Share this Article
image
മധ്യ-കിഴക്കന്‍ യൂറോപ്പ് മേഖലയില്‍ കനത്ത നാശനഷ്ടം വിതച്ച് ബോറിസ് കൊടുങ്കാറ്റ്
Storm Boris

മധ്യ -കിഴക്കന്‍ യൂറോപ്പ് മേഖലയില്‍ കനത്ത നാശനഷ്ടം വിതച്ച് ബോറിസ് കൊടുങ്കാറ്റ്. ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം നിരവധി പേര്‍ മരിക്കുകയും ഒരുപാട് പേരെ കാണാതാവുകയും ചെയ്തു.

പോളണ്ട്, റൊമാനിയ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി എന്നീ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്. ഏകദേശം ഒരു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം കൊണ്ട് ഇവിടങ്ങളില്‍ പെയ്തത്.ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കിഴക്കന്‍  യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. 5000 ലധികം വീടികളെ ബാധിച്ച ഗലാറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും അധികം മഴ പെയ്തതാകട്ടെ ചെക്ക് റിപ്പബ്ലിക്കിലും. 

ശക്തമായ കാറ്റില്‍ ഡസന്‍ കണക്കിന് മരങ്ങള്‍ കടപുഴകി വീണു. റോഡുകളും കാറുകളും നിരവധി പാലങ്ങളും വീടുകളും തകര്‍ന്നു. ഗതാഗതം തടസപ്പെട്ടു.

നദികളില്‍  ജല നിരപ്പ് ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍  മുന്നറിയിപ്പ് നല്‍കുന്നു. 

വടക്കന്‍ ഇറ്റലിയില്‍ നിന്നെത്തിയ മന്ദഗതിയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം മൂലമാണ് ബോറിസ് കൊടുങ്കാറ്റ് രൂപപ്പെട്ടത്. കൊടുങ്കാറ്റ് ഇത്ര മാരകമായി മാറാന്‍ രണ്ട് കാരണങ്ങളാണ് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.

കരിങ്കടലിന്റെ അസാധാരണമായ ചൂടുള്ള മേഖലകളില്‍ നിന്നും മെഡിറ്ററേനിയന്‍ കടലില്‍ നിന്നും ഉയര്‍ന്നുവരുന്ന ഈര്‍പ്പവും വടക്ക് നിന്നുള്ള തണുത്ത വായുവും ചേരുന്നതാണ് ഒന്നാമത്തേത്.

കിഴക്കും പടിഞ്ഞാറുമുള്ള ഉയര്‍ന്ന മര്‍ദ്ദ പ്രദേശങ്ങള്‍ക്കിടയില്‍ ഒരു താഴ്ന്ന മര്‍ദ്ദ പ്രദേശമുണ്ട്. കാലാവസ്ഥ മാതൃകയെ തടയുന്ന വിധത്തിലാണുള്ളത്. ഇതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories