ജോധ്പൂർ: ഡോക്ടർമാരുടെ അശ്രദ്ധ മൂലം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. രാജസ്ഥാനിൽ ജോധ്പൂരിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായി നിയമിതയായ പ്രിയങ്ക ബിഷ്‌ണോയി ശസ്ത്രക്രിയ്ക്ക് ശേഷം ആശുപത്രിയിൽ നീരിക്ഷണത്തിൽ കഴിവെ ഇന്നലെയാണ് മരിച്ചത്.
ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ജോധ്പൂർ ആശുപത്രി ഉടമയ്ക്കും ഡോക്ടർമാർക്കും എതിരെ പൊലീസ് കേസ് എടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.ഈ മാസം ആദ്യം ജോധ്പൂരിലെ വസുന്ധര ആശുപത്രിയിലാണ് പ്രിയങ്കയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രിയങ്കയുടെ നില വഷളായതിനെ തുടർന്ന് അഹമ്മദാബാദിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയുടെ അധിക ഡോസ് നൽകിയതിനെത്തുടർന്ന് പ്രിയങ്ക കോമയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ബിഷ്‌ണോയ് സമുദായ നേതാവ് ദേവേന്ദ്ര ബുദിയ ആരോപിച്ചു. ജോധ്പൂർ ജില്ലാ കളക്ടർ ഗൗരവ് അഗർവാൾ അഞ്ചംഗ സംഘത്തെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു.