അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികള്‍ രാജ്യത്തിന്റെ മുഖമാണെന്നും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായതിനാല്‍ അവരെ രാഷ്ട്രദൂതരെന്നാണ് വിളിക്കുന്നതെന്നും മോദി പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഊഷ്മളമായ വരവേല്‍പ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയത്.
ലോംഗ് ഐലന്‍ഡിലെ നസാവു കൊളീസിയത്തില്‍ വന്‍ സ്വീകരണമാണ് മോദിക്കായി ഒരുക്കിയത്. ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും പ്രവാസി സമൂഹം ബന്ധിപ്പിച്ചെന്നും മോദി പറഞ്ഞു.
എഐ എന്നാല്‍ ലോകത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണെങ്കില്‍ തനിക്കത് അമേരിക്കയുടെയും ഇന്ത്യയുടെയും ഒത്തൊരുമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെവിടെ പോയാലും എല്ലാ ലോക നേതാക്കളും ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് അഭിമാനത്തോടെ മാത്രമാണ് സംസാരിക്കാറെന്നും ഇത് പ്രവാസികള്‍ നേടിയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികള്‍ ഇന്ത്യയുടെ ദൂതരാണ് അതിനാലാണ് അവരെ രാഷ്ട്രദൂതരെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് കടലു കടന്നാലും രാജ്യവുമായി അകറ്റാന്‍ ഒരു സമുദ്രത്തിനും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നമസ്‌തേ എന്ന വാക്ക് പോലും രാജ്യത്തിനപ്പുറം ലോകത്തിന്റെ വാക്കായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള ഇന്ത്യക്കാരെ ചേര്‍ത്തുനിര്‍ത്തുന്നത് ഇന്ത്യയെന്ന വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.