ന്യൂഡല്‍ഹി: ആപ്പിൾ അടുത്തയിടെ അവതരിപ്പിച്ച ഐ ഫോണ്‍ 16 പ്രോ മാക്‌സ് ഫോണുകളുമായി എത്തിയ സ്ത്രീയെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടികൂടി. ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്ന 26 ഫോണുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഐ ഫോണ്‍ 16 സീരീസിലെ ഉയര്‍ന്ന മോഡലാണ് പ്രോ മാക്‌സ്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീ പിടിയിലായത്. ഹോങ്കോങില്‍ നിന്നെത്തിയതാണ് സ്ത്രീ. ബാഗിനുള്ളിൽ ടിഷ്യ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഫോണുകളെന്ന് അധികൃതര്‍ പറഞ്ഞു. 37 ലക്ഷത്തോളം വില വരും പിടിച്ചെടുത്ത ഫോണുകള്‍ക്കെന്നും കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ മാസമാണ് ആപ്പിള്‍ ഐ ഫോണ്‍ 16 പുറത്തിറക്കിയത്. ഇന്ത്യയില്‍ പ്രോ മാക്‌സ് 256 ജിബി മോഡലിന് ഒന്നര ലക്ഷത്തോളം രൂപ വില വരുന്നുണ്ട്. ഹോങ്കോങിലെ വില വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡല്‍ ഫോണിന് ഏകദേശം 35000 രൂപയുടെ മാറ്റമുണ്ട്. സ്ത്രീയെ കസ്റ്റംസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ഇത്തരത്തിലുള്ള റാക്കറ്റിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്.