Share this Article
image
കേക്കില്‍ കാന്‍സറിന് കാരണമാകുന്ന കൃത്രിമ കളറിങ്; കണ്ടെത്തിയത് 12 കേക്ക് സാമ്പിളുകളിൽ; മുന്നറിയിപ്പുമായി കര്‍ണാടക സര്‍ക്കാര്‍
വെബ് ടീം
posted on 03-10-2024
1 min read
bakery cakes

ബംഗളൂരു: കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കര്‍ണാടകയില്‍ കണ്ടെത്തി. 12 കേക്ക് സാമ്പിളുകളിലാണ് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ കേക്കുമായി ബന്ധപ്പെട്ട് ആരോഗ്യത്തിന് ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യതകള്‍ മുന്‍നിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

അടുത്തിടെ കോട്ടണ്‍ മിഠായിയിലും ഗോബി മഞ്ചൂരിയനിലും കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ ചേര്‍ക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേക്കുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. ബംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ വിവിധ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 235 കേക്ക് സാമ്പിളുകളില്‍ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. 12 എണ്ണത്തില്‍ മാത്രമാണ് അപകടകരമായ തോതില്‍ കൃത്രിമ കളറിങ് അടങ്ങിയിരിക്കുന്നത്.

ചുവന്ന വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളില്‍ ഇത്തരം കൃത്രിമ കളറിങ് ചേര്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.

അല്ലുറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്സിഎഫ്, പോണ്‍സോ 4ആര്‍, ടാര്‍ട്രാസൈന്‍, കാര്‍മോയ്സിന്‍ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ കേക്കുകളില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബേക്കറികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃത്രിമ നിറങ്ങളുടെ ഉയര്‍ന്ന ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories