Share this Article
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു; വിജ്ഞാപനം പുറപ്പെടുവിച്ച് രാഷ്ട്രപതി
വെബ് ടീം
posted on 24-10-2024
1 min read
CJI

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ അറിയിച്ചു. നവംബർ 10ന് നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിരമിക്കും. ഇതിന് ശേഷമായിരിക്കും സ‍ഞ്ജീവ് ഖന്ന നവംബർ 11ന് ചീഫ് ജസ്റ്റിസായി ചുമതല ഏൽക്കുക. സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായിരിക്കും ജസ്റ്റിസ് സഞ്ജീവ് ഖന്ന. നിലവിലെ ചീഫ് ജസിറ്റിസ് ഡി.വൈ.‌ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് ഖന്നയുടെ പേര് ശുപാർശ ചെയ്തിരുന്നു.

ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 183 ദിവസം മാത്രമാണ് കാലാവധിയുണ്ടാകുക. 2025 മേയ് 13ന് അദ്ദേഹവും സുപ്രീംകോടതിയിൽ നിന്ന് വിരമിക്കും. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം ഒരു വർഷത്തിനുശേഷം സ്ഥിരം ജഡ്ജിയായി. തുടർന്ന് 2019 ജനുവരി 18 ന് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ഹൻസ് രാജ് ഖന്നയുടെ അനന്തരവനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന അംഗമായിരുന്നു, രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത സംഭാവനകൾ നൽകാൻ അനുമതി നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും അദ്ദേഹം ഭാഗമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories