Share this Article
മിന്നൽ പ്രളയത്തിൽ നൂറോളം മരണം; 8 മണിക്കൂറിൽ പെയ്തത് ഒരു വർഷത്തെ മഴ
വെബ് ടീം
posted on 31-10-2024
1 min read
spain flood

സ്പെയിനിന്റെ തെക്കുകിഴക്കൻ മേഖലകളിൽ ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയത്തിൽ നൂറോളം ആളുകൾ മരിച്ചു. നിരവധിപേരെ കാണാതായി. റോഡുകളെല്ലാം വെള്ളത്തിലായതിനെ തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റെയിൽ, വ്യോമ ഗതാഗതവും തടസ്സപ്പെട്ടു. പൂർണമായി മുങ്ങിയ പലപ്രദേശങ്ങളിലും രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. പലയിടത്തും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന് അധികൃതർ പറഞ്ഞു. ബോട്ടുകൾ ഉപയോഗിച്ച് തെരച്ചിൽ പുരോഗമിക്കുകയാണ്. ഡ്രോണുകളുടെ സഹായത്തോടെ രാത്രിയും കാണാതായവർക്കായി തെരച്ചിൽ നടത്തി. ഇവരെ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സർക്കാർ പ്രതിനിധി മിലാഗ്രോസ് ടോലോൺ അറിയിച്ചു.  

വലൻസിയയിൽനിന്ന് പ്രധാനനഗരങ്ങളായ മഡ്രിഡിലേക്കും ബാഴ്സലോണയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മെഡിറ്ററേനിയൻ കടലിൽ ചൂടുകൂടുന്നതാണ് പെട്ടെന്നുള്ള മഴയ്ക്കു കാരണം. വളരെയധികം ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വലൻസിയയിൽ സ്കൂളുകളും പാർക്കുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. 

1973ന് ശേഷം സ്പെയിനില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രളയദുരന്തമാണിത്. 1973ലെ പ്രളയത്തില്‍ 150 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. സാധാരണയായി ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന മഴയാണ് ചൊവ്വാഴ്ച വെറും എട്ടുമണിക്കൂര്‍ കൊണ്ടുമാത്രം വലന്‍സിയയില്‍ പെയ്തിറങ്ങിയതെന്ന് സ്പെയിനിലെ കാലാവസ്ഥാ ഏജന്‍സിയായ ഏയ്മെറ്റ് വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories