Share this Article
അംഗനവാടി ജീവനക്കാർ പ്രതിസന്ധിയിൽ; പ്രതിമാസം ലഭിക്കുന്നത് 13,000 രൂപ മാത്രം
Anganwadi Workers Struggle with Low Wages

എല്ലാ മേഖലകളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സഹായമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് ഹോണറേറിയമായി പ്രതിമാസം ലഭിക്കുന്നത് 13,000 രൂപ മാത്രം.

സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ ജീവനക്കാരാണ് അവഗണനയില്‍ കഴിയുന്നത്. വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മാര്‍ഗമില്ലാതെ കഷ്ടപ്പെടുകയാണ് ഇവര്‍.

40 വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്ക് പോലും ഇപ്പോഴും ലഭിക്കുന്നത് ഹോണറേറിയം മാത്രമാണ്. തങ്ങളെ സര്‍ക്കാര്‍ അംഗീകരിച്ച് മാസ ശമ്പളം നല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ഈ ന്യായമായ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇവര്‍. മാസം 25,000 രൂപയും അതിന് ആനുപാതികമായ പെന്‍ഷന്‍ വേണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

തുച്ഛമായ ഹോണറേറിയം മാത്രം ലഭിക്കുമ്പോഴും സര്‍ക്കാര്‍ അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യേണ്ട അവസ്ഥയാണിവര്‍ക്കുള്ളത്. വര്‍ഷങ്ങളായി അങ്കണവാടി ജീവനക്കാരായി ജോലി ചെയ്യുന്ന ഇവര്‍ നേരിടുന്ന അവഗണന ഒട്ടും ചെറുതല്ല.

സര്‍ക്കാരിന്റെ എല്ലാ പൊതുജന സര്‍വേകള്‍ക്കും ചുക്കാന്‍ പിടിക്കേണ്ടതും ഇവര്‍തന്നെ. കെ കെ ശൈലജ മന്ത്രിയായിരുന്നപ്പോള്‍ ഹോണറേറിയം പ്രതിമാസം 17,000 രൂപയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും ലഭിക്കുന്നത് 13,000 രൂപ മാത്രമാണ്.

ശമ്പളക്കാരായി അങ്കണവാടി ജീവനക്കാരെ അംഗീകരിക്കാത്തതിനാല്‍ ഇവര്‍ എത്ര വര്‍ഷം ജോലി ചെയ്താലും സീനിയോരിറ്റി ലഭിക്കില്ല എന്നതും പ്രശ്നമാണ്. 40 വര്‍ഷം മുമ്പ് ജോലിയില്‍ കയറിയവര്‍ക്കും പുതിയ നിയമനത്തിനും ഒരേ ഹോണറേറിയം തന്നെ.

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു കുട്ടിക്ക് 5 രൂപ വെച്ചാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഭക്ഷ്യസാധനങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ച് ഉയരുന്നതിനാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ ഹോണറേറിയത്തില്‍ നിന്നും ഒരു വിഹിതം കൂടി നല്‍കേണ്ട അവസ്ഥയുമുണ്ട്. കൂടാതെ ഗ്യാസ് വൈദ്യുതി ചാര്‍ജ് ഉള്‍പ്പെടെ നല്‍കേണ്ട അവസ്ഥയുമുണ്ടെന്ന് ഇവര്‍ പറയുന്നു.

കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്ന അങ്കണവാടി ജീവനക്കാരുടെ ന്യായമായ ആവശ്യത്തിന് കാലതാമസം വരുത്താതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ടീച്ചര്‍മാര്‍ക്ക് 13,000 രൂപയും ഹെല്‍പ്പര്‍ മാര്‍ക്ക് 9000 രൂപയും മാത്രമാണ് നിലവില്‍ ലഭിക്കുന്നത്.

ഇവരുടെ ജോലി ഭാരവും സേവനവും കണക്കിലെടുത്ത് കുറഞ്ഞത് 25,000 രൂപയെങ്കിലും സര്‍ക്കാര്‍ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഹോണറേറിയം എന്നത് മാറ്റി ശമ്പളമാക്കി ഇവരെ അംഗീകരിക്കുകയും വേണമെന്നും ഇവര്‍ പറയുന്നു.

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ ചോദിക്കുന്ന പ്രധാനമായ ഒരു ചോദ്യം ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങളുടെ സേവനത്തിനും അര്‍ഹമായ വേതനം നല്‍കണ്ടേ എന്നാതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories