Share this Article
ആന എഴുന്നള്ളിപ്പിന് മാർഗ്ഗരേഖ പുറത്തിറക്കി ഹൈക്കോടതി
High Court Issues Guidelines for Elephant Processions

ആന എഴുന്നള്ളിപ്പിന് മാർഗ്ഗരേഖ പുറത്തിറക്കി ഹൈക്കോടതി. പൊതുവഴിയിൽ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള ഒരു പരിപാടിയും പാടില്ല. തുടർച്ചയായി മൂന്നു മണിക്കൂറിലധികം ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. സ്ഥല സൗകര്യത്തിനനുസരിച്ച്  എഴുന്നുള്ളിപ്പിനുള്ള ആനകളുടെ എണ്ണം നിയന്ത്രിക്കണമെന്നും മാർഗരേഖയിലുണ്ട്.

ഒരു ദിവസത്തിൽ 8 മണിക്കൂറെങ്കിലും വിശ്രമം, തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യൽ എന്നിവക്ക് നിയന്ത്രണം തുടങ്ങിയവ ഉൾക്കൊള്ളുന്ന  വിശദമായ മാർഗ്ഗരേഖയാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. ആനകളെ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട ജില്ല തല സമിതിയുടെ അനുമതി വാങ്ങണമെന്നും ഇതിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ മതിയായ വിശ്രമം ആനകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് സമിതി ഉറപ്പു വരുത്തണം. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ മൂന്ന് ദിവസമെങ്കിലും ആനയ്ക്ക് വിശ്രമം  വേണമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ,  പി.ഗോപിനാഥ് എന്നിവരുടെ പ്രത്യേക ബെ‍ഞ്ച് മാർഗരേഖയില്‍ വ്യക്തമാക്കുന്നു. 

ആനകൾക്ക് മതിയായ ഭക്ഷണവും വെള്ളവും വിശ്രമസ്ഥലവും ഉത്സവ കമ്മിറ്റിക്കാർ തയ്യാറാക്കണം. എഴുന്നള്ളിപ്പിന് മതിയായ സ്ഥലസൗകര്യം ഇല്ലെങ്കിൽ ജില്ലാതല സമിതി അനുമതി നൽകരുത്. ആനകൾ തമ്മിൽ മൂന്നു മീറ്റർ ദൂരപരിധി പാലിക്കണം. തീവെട്ടികളിൽ നിന്നും അഞ്ചു മീറ്ററും, ആളുകളിൽ നിന്നും എട്ടു മീറ്ററും, വെടിക്കെട്ട് നടത്തുന്നിടത്തുനിന്നും 100 മീറ്ററും ദൂരപരിധിയിൽ മാത്രമേ ആനകളെ നിർത്താവൂ.

രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയിൽ ആനകളെ കൊണ്ടുപോകരുത്. തുടർച്ചയായി 3 മണിക്കൂറില്‍ കൂടുതൽ ആനകളെ എഴുന്നെള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്റർ അധികം ആനയെ നടത്തിക്കൊണ്ടുപോകരുത് എന്നും 125 കിലോമീറ്റർ അധികം ദൂരം വാഹനത്തിൽ കൊണ്ടുപോകരുത് എന്നും മാർഗരേഖയില്‍ പറയുന്നു.

ആറു മണിക്കൂറിലധികം ആനയെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. ഈ വേഗത പ്രകാരം വാഹനങ്ങളിൽ സ്പീഡ് ഗവർണർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശങ്ങൾ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേരളം എന്നും ഉത്തരവിൽ വിമർശനമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories