പാര്‍ലമെന്റില്‍ വയനാട് എംപിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒരേ സമയം ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ പാര്‍ലമെന്റിലെന്ന അപൂര്‍വത കൂടി പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്റ് പ്രവേശനത്തിലുണ്ട്. കന്നിയങ്കം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച് പ്രിയങ്ക പാര്‍ലമെന്റിലെത്തുകയാണിന്ന്.
വര്‍ഷം 1999..രാഷ്ട്രീയ പ്രവേശനമെന്നാണ് എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇനിയുമൊരുപാട് കാത്തിരിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ഉത്തരം. അതിന് വിരാമമിട്ടത് 2019ല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായുള്ള രാഷ്ട്രീയപ്രവേശനത്തിലൂടെ. ഒടുവില്‍ രാഹുല്‍ രാജിവച്ച ഒഴിവില്‍ വയനാട്ടിലെ നിന്ന് കന്നി മത്സരം. ഗംഭീരജയം. ചോദ്യത്തിന് കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ പ്രിയങ്ക പാര്‍ലമെന്റില്‍ വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ വയനാട്ടില്‍ നേടിയ ഭൂരിപക്ഷത്തെയും മറികടന്ന് പ്രിയങ്കരിയായി തന്നെ.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലം പാര്‍ലമെന്റില്‍ തന്റെ അച്ഛന്റെ പ്രസംഗം കേള്‍ക്കാന്‍ പോയ കേള്‍വിക്കാരിയായല്ല 52ആം വയസില്‍ പ്രിയങ്ക പാര്‍ലമെന്റിലെത്തുന്നത്. വയനാടിന്റെ ശബ്ദമായി പ്രിയങ്ക നടന്നുകയറിയത് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടിയാണ്. അന്നത്തെ കൗതുകം പേറിയ കൗമാരക്കാരിയില്‍ നിന്നും നാല് പതിറ്റാണ്ടിപ്പുറം പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെത്തുന്നത് ഒരു അപൂര്‍വതയുമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ ഒരേ സമയം എത്തുന്നു എന്നതാണത്. ലോക്‌സഭയില്‍ പ്രിയങ്കയുടെ കന്നി എന്‍ട്രി പ്രതിപക്ഷനേതാവു കൂടിയായ സഹോദരന്‍ രാഹുലിനൊപ്പമെന്നത് കോണ്‍ഗ്രസിനും കരുത്താണ്. അമ്മ സോണിയ ഗാന്ധി രാജ്യസഭാംഗമായതിനാല്‍ പാര്‍ലമെന്റില്‍ നെഹ്രു കുടുംബത്തിലെ മൂന്ന് പേരാണ് എത്തുക.
കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെന്ന് പ്രതിപക്ഷം ഒളിയമ്പ് എയ്യുമ്പോള്‍ കോണ്‍ഗ്രസ് ഏറെക്കാലമായി കാത്തിരുന്ന ഒരു രാഷ്ട്രീയ പ്രവേശനമാണ് പ്രിയങ്ക ഗാന്ധിയുടേത്. ഇന്ദിര പ്രിയദര്‍ശിനിയെ ഓര്‍മ്മിപ്പിക്കുന്ന സദാ പ്രസന്നവതിയായ, ബിജെപിക്കെതിരെ വാക്ശരമെയ്യുന്ന പ്രിയങ്ക. വയനാടിന് രാഹുല്‍ ഗാന്ധിയെ മിസ് ചെയ്യില്ലെന്നായിരുന്നു പ്രിയങ്ക ആവര്‍ത്തിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിരപോരാളിയാകാന്‍ ഇനി പ്രിയങ്കയുമുണ്ട് പ്രതിപക്ഷത്ത്. രാഷ്ട്രീയം അവര്‍ക്ക് അവശേഷിപ്പിച്ച തീരാവേദനകളുടെ കരുത്തില്‍ .... വയനാടന്‍ ജനതയുടെ ശബ്ദമായി, നമ്മളിലൊരാളായി.