Share this Article
ഉന്നത വിദ്യാഭ്യാസത്തിൽ കേരളം മുന്നിൽ
വെബ് ടീം
posted on 22-12-2024
1 min read
Higher Education

കേരളം ഉന്നത വിദ്യാഭ്യാസത്തിൽ മറ്റ് സംസ്ഥാനങ്ങളെ  അപേക്ഷിച്ച് വളരെ മുന്നിൽ. സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്.

പഠനമനുസരിച്ച്, 2021-22ലെ കണക്കുകൾ പ്രകാരം കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ ശതമാനം 41 ആണ്. ഇത് ദേശീയ ശരാശരി 28.4 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം 18.9 ശതമാനം വർദ്ധിച്ചപ്പോൾ ദേശീയ തലത്തിൽ ഈ വർദ്ധനവ് വെറും 7 ശതമാനമായിരുന്നു.

സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ ആളുകൾ എന്നിവർ ഉന്നത വിദ്യാഭ്യാസം നേടുന്നതിലും കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്.

2012-13ൽ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം 25.8 ശതമാനമായിരുന്നത് 2021-22ൽ 49 ശതമാനമായി ഉയർന്നു. ദേശീയ ശരാശരിയിൽ ഈ കാലയളവിലുണ്ടായ വർദ്ധനവ് വെറും 4.7 ശതമാനം മാത്രമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ കാര്യത്തിലും കേരളം സമാനമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷനിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. അതേസമയം, നാക് അക്രഡിറ്റേഷനുകളിലും എൻഐആർഎഫ് റാങ്കിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 'പി എം ഉഷ പദ്ധതി'ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജിലാണ് ഈ തുക ലഭ്യമാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article