തൻ്റെ പുതിയ സ്റ്റാർട്ടപ്പിൽ ചേരുന്ന ടെക് വിദഗ്ധരെ വെറും 12 മാസത്തിനുള്ളിൽ കോടീശ്വരന്മാരാക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയ യുവ സിഇഒ സാം ബൈസ്‌ലയെ ട്രോളി സോഷ്യൽ മീഡിയ.
സാം ബൈസ്‌ല തൻ്റെ ലിങ്ക്ഡ്ഇൻ പേജിൽ പങ്കുവെച്ച ഒരു റിക്രൂട്ട്‌മെൻ്റ് പോസ്റ്റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തൻ്റെ പുതിയ സംരംഭത്തിലേക്ക് ടെക് സഹസ്ഥാപകരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. അതിവേഗം ഒന്നിലധികം ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് വിപണിയിലിറക്കി നിക്ഷേപകരെ ആകർഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഓരോ ആഴ്ചയിലും ഓരോ പുതിയ ഉൽപ്പന്നം നിർമ്മിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്ലാൻ.
ഇങ്ങനത്തെ ഒരു കമ്പനിയിൽ ജോലി കിട്ടിയാലുള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളു. എന്നാൽ ഇതിലൊന്നും ഒതുങ്ങുന്നതല്ല പോസ്റ്റിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ. അതുകൂടി നമുക്ക് നോക്കാം.
ഉദ്യോഗാർത്ഥികൾ യുവാക്കൾ ആയിരിക്കണം, ഫുൾടൈം ജോലി ചെയ്യാൻ തയ്യാറായിരിക്കണം എന്നും നിബന്ധനയിൽ പറയുന്നുണ്ട്. അതിലെന്താ കുഴപ്പം എന്നല്ലേ. എന്നാൽ അതും കൂടി കേട്ടോളു..
ഫുൾ ടൈം എന്ന് പറഞ്ഞാൽ 24 മണിക്കൂറും എന്നാണ് അർത്ഥം, ആഴ്ചയിൽ 7 ദിവസവും ജോലി ചെയ്യണം. വിശ്രമത്തെക്കുറിച്ചോ, ഉറക്കത്തെക്കുറിച്ചോ, അവധി ദിവസങ്ങളെക്കുറിച്ചോ പോസ്റ്റിൽ യാതൊരു സൂചനയുമില്ല.
ഇനി തുടക്കത്തിൽ എത്ര ശമ്പളം കിട്ടും എന്ന് നോക്കാം. അല്ല നോക്കണ്ട… അഞ്ച് പൈസ കിട്ടില്ല
കമ്പനിക്ക് പുറത്തുനിന്ന് ഫണ്ടിംഗ് ലഭിക്കുന്നതുവരെ ശമ്പളം നൽകില്ല, പകരം കമ്പനിയുടെ ഓഹരികളാണ് (ഇക്വിറ്റി) പ്രതിഫലമായി ലഭിക്കുക.
ഇത്രയും ത്യാഗം സഹിച്ച് ജോലി ചെയ്താൽ ഒരു വർഷത്തിനുള്ളിൽ കോടീശ്വരനാകാൻ സാധ്യതയുണ്ടെന്നാണ് സിഇഒ വാഗ്ദാനം ചെയ്യുന്നത്.
ഫുൾ-സ്റ്റാക്ക് ഡെവലപ്‌മെൻ്റിലോ ഗെയിം ഡെവലപ്‌മെൻ്റിലോ "സൂപ്പർ" കഴിവുള്ള, മുമ്പ് മികച്ച പ്രൊഡക്റ്റുകൾ നിർമ്മിച്ച് പരിചയമുള്ളവരെയാണ് അദ്ദേഹം തേടുന്നത്.
പോസ്റ്റ് ഇട്ട് അധികം താമസിക്കാതെ തന്നെ ഈ പോസ്റ്റ് വൈറലായി. കോർപ്പറേറ്റ് പൊങ്ങച്ചങ്ങളെയും സംശയാസ്പദമായ തൊഴിൽ സംസ്കാരങ്ങളെയും തുറന്നുകാട്ടുന്ന റെഡ്ഡിറ്റിലെ 'ലിങ്ക്ഡ്ഇൻ ലുനാറ്റിക്സ്' എന്ന സബ്റെഡ്ഡിറ്റിൽ ഈ പോസ്റ്റ് വലിയ ചർച്ചയ്ക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്.
"വാവ്, എന്തൊരു മികച്ച അവസരം! 24 മണിക്കൂറും ജോലി, അതും ശമ്പളമില്ലാതെ?" എന്നായിരുന്നു ഒരു റെഡ്ഡിറ്റ് ഉപയോക്താവിൻ്റെ പരിഹാസ കമൻ്റ്.
മറ്റൊരാൾ കുറിച്ചത് ഇങ്ങനെയാണ് "എൻ്റെ കയ്യിൽ ഒരു ഐഡിയയുണ്ട്, റിസർച്ച് ചെയ്തിട്ടില്ല, ഫണ്ടില്ല, കഴിവില്ല, സഹായിക്കാൻ ആളുമില്ല. നിങ്ങൾ വന്ന് എൻ്റെ പണിയെടുക്കുക, ശമ്പളമില്ല. അവസാനം ഇത് നടക്കില്ലെന്ന് മനസ്സിലാക്കുമ്പോൾ നിങ്ങളെ പറഞ്ഞുവിട്ട് നിങ്ങൾ എഴുതിയ കോഡ് ഞാൻ മറ്റാർക്കെങ്കിലും വിൽക്കും."
അമിതമായ 'ഹസിൽ കൾച്ചറി'നെ മഹത്വവൽക്കരിക്കുന്നു, യാഥാർത്ഥ്യബോധമില്ലാത്ത ആവശ്യങ്ങൾ ഉന്നയിക്കുന്നു, ജീവനക്കാരോട് യാതൊരു സഹാനുഭൂതിയും കാണിക്കുന്നില്ല, അനാരോഗ്യകരമായ തൊഴിൽ രീതികളെ പ്രോത്സാഹിപ്പിക്കുന്നു എന്നിങ്ങനെ നിരവധി വിമർശനങ്ങൾ പോസ്റ്റിനെതിരെ ഉയർന്നിട്ടുണ്ട്.
ശമ്പളമില്ലാതെ ഇത്രയും സമ്മർദ്ദത്തിൽ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നതിലെ നിയമപരവും ധാർമ്മികവുമായ പ്രശ്നങ്ങളും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രത്യേകിച്ച്, ടെക് ലോകത്ത് പലപ്പോഴും ചൂഷണത്തിനിരയാകാൻ സാധ്യതയുള്ള 'യുവ' ഡെവലപ്പർമാരെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ആരാണ് സാം ബൈസ്‌ല?
അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ വ്യക്തിയാണ് സാം ബൈസ്‌ല. സെയിൽസ് രംഗത്ത് പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്ന 'സെയിൽസ് ബ്രിഗേഡ്' എന്ന സ്ഥാപനത്തിൻ്റെ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം.