ഹാർലി ഡേവിഡ്സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിളിന് ബുക്കിങ്ങിൽ വൻ മുന്നേറ്റം. ജൂലൈ 4ന് ബുക്കിങ് ആരംഭിച്ച ബൈക്കിന് ഇതിനകം 25,000ൽ അധികം ബുക്കിങ് ലഭിച്ചിട്ടുണ്ട് എന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. ഇതിൽ 65 ശതമാനം ബുക്കിങ്ങും ടോപ്പ് എൻഡ് വേരിയന്റായ എസ് എന്ന വേരിയന്റിനാണ് ലഭിച്ചിരിക്കുന്നത്.ഹാർലി ഡേവിഡ്സൺ, ഹീറോ മോട്ടോകോർപ്പ് എന്നീ ബ്രാന്റുകൾ ചേർന്നാണ് ഹാർലി ഡേവിഡ്സൺ എക്സ്440 പുറത്തിറക്കുന്നത്.
നിലവിൽ ബുക്കിങ് അവസാനിപ്പിച്ചിരിക്കുകയാണെന്നും ഉടൻ പുനരാരംഭിക്കുമെന്നും ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. സെപ്റ്റംബറിലായിരിക്കും ഹാർലി ഡേവിഡ്സൺ എക്സ്440ന്റെ ഉത്പാദനം ആരംഭിക്കുക. 2023 ഒക്ടോബർ മുതൽ വിതരണവും തുടങ്ങും. ബുക്കിങ് പ്രതീക്ഷിച്ചതിലും കൂടുതൽ ലഭിച്ചതിനാൽ തന്നെ ആവശ്യക്കാർക്ക് വേഗത്തിൽ വാഹനം ലഭ്യമാക്കാൻ ഹാർലി ഡേവിഡ്സൺ എക്സ്440യുടെ ഉത്പാദനം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഡെനിം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹാർലി ഡേവിഡ്സൺ എക്സ്440 മോട്ടോർസൈക്കിൾ ലഭ്യമാകുന്നത്. 2,39,500 രൂപ, 2,59,500 രൂപ, 2,79,500 രൂപ എന്നിങ്ങനെയാണ് ഈ വേരിയന്റുകളുടെ പ്രാരംഭ വില. 440 സി സി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എക്‌സ്440-യില്‍ കരുത്തേകുന്നത്. 3 27 ബിഎച്ച്പി പവറും 38 എൻഎം ടോർക്കും എന്‍ജിന്‍ ഉത്പാദിപ്പിക്കും. ഈ എഞ്ചിനൊപ്പം 6 സ്പീഡ് ഗിയർബോക്സും കമ്പനി നൽകിയിട്ടുണ്ട്.