Share this Article
image
വാങ്ങിയതിന് പിന്നാലെ ബൈക്കിന് സ്റ്റാർട്ടിങ് പ്രോബ്ലം ഉൾപ്പെടെ പല തകരാറുകൾ; സേവനം നൽകാതിരുന്ന കമ്പനിക്ക് 5.39 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ
വെബ് ടീം
posted on 16-10-2024
1 min read
cruiser bike

കൊച്ചി: ബൈക്ക് വാങ്ങിയതിന് പിന്നാലെ സ്റ്റാർട്ടിങ് പ്രോബ്ലം ഉൾപ്പെടെ പല തകരാറുകളും,  വിൽപ്പനാനന്തര സേവനം നൽകാതിരുന്നതിനെ തുടർന്ന് വാഹന നിർമാതാക്കൾക്കും ഡീലർക്കും പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം ഇടപ്പള്ളിയിലെ കാനിഫ് മോട്ടേഴ്സ്, ന്യൂഡൽഹി ആസ്ഥാനമായ യു എം ലോഹിയ ടൂ വീലേഴ്സ് എന്നിവർക്കാണ് 5.39 ലക്ഷം രൂപ പിഴവിധിച്ചത്. ഇവരിൽ നിന്ന് ക്രൂയിസർ ബൈക്കുകൾ വാങ്ങിയ എറണാകുളം സ്വദേശികളായ വി. പ്രശാന്ത്, ജയ്ചന്ദ്ര മേനോൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷൻ ഉത്തരവ്.

വിൽപ്പനാനന്തര സേവനം നിഷേധിക്കുകയും ആവശ്യമായ സ്പെയർ പാർട്സ് വിപണിയിൽ ലഭ്യമാക്കാതെയും വ്യാപാരം നടത്തിയ ബൈക്ക് നിർമാതാവും ഡീലറും വാഹനത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും പരാതിക്കാർക്ക് നൽകണമെന്നാണ് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടത്.

2.9 ലക്ഷം രൂപ നൽകിയാണ് ക്രൂയിസർ ബൈക്കുകൾ പരാതിക്കാർ വാങ്ങിയത്. എന്നാൽ ബൈക്ക് വാങ്ങിച്ചതിന് അധികം വൈകാതെ തന്നെ വാ​ഹ​നത്തിന് സ്റ്റാർട്ടിങ് പ്രോബ്ലം ഉൾപ്പെടെ പല തകരാറുകളും ആരംഭിച്ചു. വാഹനത്തിൽ നിന്ന് അമിതമായി ശബ്ദം ഉയരുക, അപകടകരമായ രീതിയിൽ ചൂട് ഉയർന്നു വരിക, പെട്ടെന്ന് ബൈക്ക് നിന്ന് പോവുക ഉൾപ്പെടെയുള്ള പല തകരാറുകളും പിന്നാലെയെത്തി.

ഇതിനെ തുടർന്ന് ചെറിയ രീതിയിൽ തകാരാറുകൾ പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായതോടെ സർവീസ് ചെയ്ത് നൽകണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടെങ്കിലും കമ്പനി ഇതിന് തയാറായില്ല. വീണ്ടും പലതവണ സർവീസ് ആവശ്യപ്പെട്ട് പരാതിക്കാർ എത്തിയിരുന്നു. അപ്പോഴേക്കും വാഹനം ശരിയാക്കാൻ ആവശ്യമായ പാർട്സും വിപണിയിൽ ലഭ്യമല്ലാതായി.

വാറണ്ടി കാലയളവിനുള്ളിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടും അത് പരിഹരിക്കാനുള്ള യാതൊരു ശ്രമവും എതിർകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇത് വിവിധ ഉപഭോക്തൃ നിയമത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയ കമ്മിഷൻ ബൈക്കുകൾ പരാതിക്കാർക്ക് മാറ്റിനൽകുകയോ, ബൈക്കിന്റെ വിലയായ 2,09,750/- രൂപ വീതം തിരികെ നൽകുകയോ ചെയ്യണമെന്ന് ഉത്തരവിടുകയായിരുന്നു. ഇത് കൂടാതെ അരലക്ഷം രൂപ വീതം നഷ്ടപരിഹാരമായും 10,000 രൂപ വീതം കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്നും ഉത്തരവ് നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article