Share this Article
മുംബൈയുടെ അടയാളമായിരുന്ന പ്രീമിയർ പദ്മിനിയും ഓർമ്മകളിലേക്ക്; ഇനിയുള്ളത് ധാരാവി മാത്രം

ആവശ്യത്തിലധികം പണവുമായി മണവാളന്‍ കൊച്ചിയിലെത്തിയ കറുപ്പും മഞ്ഞയും നിറുമുള്ള പ്രീമിയര്‍ പദ്മിനിയെ ഓര്‍ക്കുന്നുണ്ടോ നിങ്ങള്‍?  കാറുകഴുകുമ്പോള്‍ ദിശ മാറിയിരിക്കണമെന്ന ലോജിക് പഠിപ്പിച്ച സലീം കുമാറിന്റെ മണവാളനെ, ഒപ്പം പുലിവാല്‍ കല്യാണത്തില്‍ തകര്‍ത്തോടിയ മഞ്ഞ പ്രീമിയര്‍ പദ്മിനിയും ടാക്‌സിക്കാരനായി ധാരാവിയെ വിറപ്പിച്ച കൊച്ചിന്‍ ഹനീഫയുടെ ധര്‍മേന്ദ്രയെയും. കാലി പീലി എന്ന് മുംബൈകാര്‍ വിളിക്കുന്ന മലയാളികളെ ഏറെ ചിരിപ്പിച്ച മഞ്ഞകുഞ്ഞിക്കാറും മുംബൈ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിയുകയാണ്. 

കറുപ്പും മഞ്ഞയും കലര്‍ന്ന ഗൃഹാതുരതയുണ്ട് മുംബൈക്ക്. കാലി പീലി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രീമിയര്‍ പദ്മിനി ടാക്സി കാറുകള്‍ ഇനി നഷ്ടപ്പെട്ട പഴയകാലത്തിനൊപ്പവും മുഹമ്മദ് റഫി പാട്ടുകള്‍ക്കൊപ്പവും മുംബൈ ഓര്‍ത്തുവയ്ക്കും. മുംബൈ നഗരത്തിന്റെ അണമുറിയാത്ത തിരക്കിനിടയില്‍ ഗതാഗത സംവിധാനത്തെ നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചതാണ് ഈ കാറുകള്‍. 

ഊബറും ഓല ടാക്സികളും പുതിയ നഗരത്തിന്റെ ഗതാഗത സംവിധാനത്തെ കയ്യടക്കിയെങ്കിലും മഞ്ഞകുഞ്ഞിക്കാറിന്റെ തട്ട് താണ് തന്നെ ഇരിക്കും. മുംബൈയുടെ മറ്റൊരടയാളമായിരുന്ന ഡബിള്‍ ഡക്കര്‍ ബസുകള്‍ നഗരത്തിന്റെ തിരക്കിനടയില്‍ നിന്ന് വിടവാങ്ങിക്കഴിഞ്ഞു. 

പ്രീമിയർ പദ്മിനിയുടെ ചരിത്രം

1964ലാണ് പ്രീമിയര്‍ പദ്മിനി കാറുകള്‍ വാല്‍ചന്ദ് ഗ്രൂപ്പും ഫിയറ്റും അവതരിപ്പിച്ചത്. 1970 കളോടെ ഇവ മുംബൈ നഗരത്തിലേക്ക് ചേക്കേറി. എല്ലാവരെയും തന്റെ തിരക്കിനിടയില്‍ അഭയം നല്‍കുന്ന മുംബൈ പദ്മിനി കാറിനെയും കൈവിട്ടില്ല.

നിരത്തുകളില്‍ നിന്ന് പിന്‍വലിച്ച കാലി പീലി കാറുകളില്‍ ഏറ്റവും അവസാനം രജിസ്റ്റര്‍ ചെയ്ത കാറിന് 20 വര്‍ഷം പൂര്‍ത്തിയായി. അതാണ് ഒക്ടോബര്‍ 30ഓടെ ഇവ നിരത്തുകളില്‍ നിന്നും വിടവാങ്ങുന്നത്.

ഇതൊന്നും ഇല്ലാതെ എന്ത് മുംബൈ!

അഭയം തേടിയെത്തുന്ന ആരെയും സ്വീകരിക്കുന്ന മുംബൈയുടെ പൗരാണികതയാണ് ചുവപ്പന്‍ ഡബിള്‍ ഡക്കര്‍ ബസുകളും മഞ്ഞ പ്രീമിയര്‍ പദ്മിനിയും. മുംബൈ യാത്രയിലൊഴിവാക്കരുതെന്ന ചെക്ക് ലിസ്റ്റിലെ രണ്ട് പേരുകള്‍ കൂടി വെട്ടിയിരിക്കുകയാണ് മുംബൈ. സിനിമകളില്‍, ജുഹൂ ബീച്ചിന്റെ ഓരങ്ങളില്‍, മുംബൈ നഗരത്തിന്റെ തിരക്കൊഴിയാ രാപകലുകളില്‍ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായ മഞ്ഞ കറുപ്പ് ഉള്ള കാലീ പീലി ടാക്സികളും ഗൃഹാതുരതയുടെ ചില്ലുകൂട്ടില്‍ ഒതുങ്ങും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article