ഇന്ത്യയിലെ ആദ്യത്തെ എസ്യുവി കൂപ്പെ: പ്രീമിയം ഡിസൈനും എസ്യുവി-യുടെ പ്രായോഗികതയും ഒന്നിച്ചുചേരുന്നു
പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിനുകളില്‍ ടാറ്റ കര്‍വ് ലഭ്യമാകും
കര്‍ശനമായ സുരക്ഷ, ക്ലാസ് ലീഡിംഗ് സ്‌പേസും സൗകര്യവും, ആധുനിക സാങ്കേതികവിദ്യകള്‍, നിരവധി സെഗ്മെന്റ്-ആദ്യ ഫീച്ചറുകള്‍, നൂതനമായ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സമ്പന്നമായ കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്നു.
കൊച്ചി, ജൂലൈ 23, 2024: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, എസ്യുവി ഡിസൈനില്‍ ഒരു പുതിയ യുഗം നിര്‍വചിച്ചുകൊണ്ട് ടാറ്റ കര്‍വ്വ് ഐസിഇയും ഇവിയും അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ എസ്യുവി കൂപ്പെയാണ് പുതിയ ടാറ്റ കര്‍വ്. എസ്യുവിയുടെ കരുത്തും പ്രായോഗികതയും ഒരു കൂപ്പെയുടെ സൗന്ദര്യവും സ്പോര്‍ട്ടി ലുക്കും സമന്വയിപ്പിക്കുന്ന വാഹനമാണിത്. വരുന്ന ഓഗസ്റ്റ് 7-ന് ലോഞ്ച് ചെയ്യുന്ന ഈ വാഹനം ടാറ്റ മോട്ടോഴ്സിന്റെ ശക്തമായ മള്‍ട്ടി-പവര്‍ട്രെയിന്‍ സ്ട്രാറ്റജിയെ അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കര്‍വ്, ആദ്യം ഇവി വേര്‍ഷനിലും തുടര്‍ന്ന് ഐസിഇ വേര്‍ഷനിലും ലഭ്യമാകും.
ഈ പുതിയ മോഡലിലൂടെ മിഡ്-എസ്യുവി വിഭാഗത്തില്‍ ടാറ്റയുടെ ശക്തമായ സാന്നിധ്യം വീണ്ടും അടിവരയിടുകയാണ്. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിങ്ങനെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ടാറ്റ കര്‍വ്, ടാറ്റയുടെ മള്‍ട്ടി-പവര്‍ട്രെയിന്‍ സ്ട്രാറ്റജിയുടെ മുന്‍നിരക്കാരനാണ്. ഈ പുതിയ വാഹനം മിഡ്-എസ്യുവി ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയും മികച്ച പ്രകടനവും മനോഹരമായ ഡിസൈനും ഉറപ്പ് നല്‍കുകയും ചെയ്യുമെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ആകര്‍ഷകമായ രൂപകല്‍പ്പന, പ്രായോഗികത, മികച്ച പ്രകടനം എന്നിവയുടെ സമന്വയമാണ് കര്‍വ്. മിഡ്-എസ്യുവി വിപണിയിലെ സാധാരണ ബോക്‌സി ഡിസൈനില്‍ നിന്ന് വ്യത്യസ്തമായി, ശക്തമായ എയറോഡൈനാമിക് തീമിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന റൈഡിംഗ് പൊസിഷന്‍, ശക്തമായ ക്ലാഡിംഗ്, ഡൈനാമിക് അനുപാതങ്ങള്‍ എന്നിവ വാഹനത്തിന് ആകര്‍ഷകമായ രൂപം നല്‍കുന്നു. കുത്തനെയുള്ള മേല്‍ക്കൂര കാറ്റിനെതിരായ പ്രതിരോധം കാര്യക്ഷമമായി കുറയ്ക്കാന്‍ സഹായിക്കുമ്പോള്‍, വലിയ വീലുകള്‍, ഡിപ്പാര്‍ച്ചര്‍ ആംഗിള്‍, വര്‍ദ്ധിച്ച ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ വാഹനത്തിന് മികച്ച ബാലന്‍സ് ഉറപ്പ് വരുത്തുന്നു. വെര്‍ച്വല്‍ സണ്‍റൈസ്, ഗോള്‍ഡ് എസെന്‍സ് എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഷേഡുകളിലായിരിക്കും ഈ എസ്യുവി കൂപ്പെ എത്തുന്നത്.
ദൂരയാത്രകള്‍ ഇഷ്ടപെടുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ തന്നെ വാഹനത്തിന്റെ ആധുനികവും ലളിതവുമായ ഇന്റീരിയര്‍ ഡിസൈന്‍, സ്റ്റോറേജ് സ്ഥലം കുറയ്ക്കാതെ തന്നെ യാത്രക്കാര്‍ക്ക് വിശാലമായ ക്യാബിന്‍ സ്പേസ് ഉറപ്പാക്കുന്നു. ക്യാബിനുള്ളിലെ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍, നിറങ്ങള്‍, വസ്തുക്കള്‍, ഫിനിഷിങ്ങ് എന്നിവ വാഹനത്തിന് പ്രീമിയം ലുക്കും, പനോരമിക് ഗ്ലാസ് റൂഫ് വിശാലമായൊരു യാത്രയും പ്രദാനം ചെയ്യുന്നു. കൂടാതെ വര്‍ദ്ധിപ്പിച്ചതും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതുമായ രീതിയിലാണ് ബൂട്ട് സ്പേസ് ക്രമീകരിച്ചിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ ഓപ്ഷനുകള്‍ക്കൊപ്പം മികച്ച ഇന്‍-ക്ലാസ് ലോംഗ് ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് വേരിയന്റുകളിലും ടാറ്റ കര്‍വ് ലഭ്യമാവും. വിപുലമായ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വലിയ സ്‌ക്രീനുകള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവയാല്‍ സജ്ജമായ കര്‍വ്, ഈ സെഗ്മെന്റില്‍ കേട്ടിട്ടില്ലാത്തതും വിലകൂടിയ വാഹനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതുമായ നിരവധി സ്മാര്‍ട്ട് ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു. കൂടാതെ, കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തുകൊണ്ട് ടാറ്റ മോട്ടോഴ്‌സിന്റെ സുരക്ഷാ പാരമ്പര്യവും ഈ മോഡല്‍ തുടര്‍ന്ന് വരുന്നു.