രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് നിര്‍മിച്ച ഇലക്ട്രിക് ബസുകള്‍ ഇനി ജമ്മു സ്മാര്‍ട്ട് സിറ്റിയ്ക്ക് വേണ്ടി സര്‍വീസ് നടത്തും. ടാറ്റാ മോട്ടോഴ്‌സ് ഗ്രൂപ്പ് കമ്പനിയായ ടി. എം. എല്‍ മൊബിലിറ്റി സൊല്യൂഷന്‍സ് ( ജെ ആന്‍ഡ് കെ ) പ്രൈവറ്റ് ലിമിറ്റഡാണ് അത്യാധുനികമായ അള്‍ട്രാ ഇ വി എയര്‍ കണ്ടിഷന്‍ഡ് ഇലക്ട്രിക് ബസുകള്‍ ജമ്മു സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിന് കൈമാറിയത്.
പരിസ്ഥിതി സൗഹൃദമായ പൊതു ഗതാഗത സംവിധാനങ്ങള്‍ ജമ്മുവില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാരിന് കീഴിലെ ഭവന, നഗരകാര്യ വകുപ്പാണ് പദ്ധതിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ടാറ്റാ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ബസുകള്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണ്. മികച്ച ഇലക്ട്രിക് പവര്‍ സിസ്റ്റം, സീറോ കാര്‍ബണ്‍ എമിഷന്‍ എന്നിവ ഈ ബസുകളെ വ്യത്യസ്തമാക്കുന്നു. സുരക്ഷയ്ക്കും സൗകര്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ബസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജമ്മുവില്‍ പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ഗതാഗതം ഉറപ്പിക്കുന്നതിനു ഇതുവഴി സാധ്യമാകും. ശ്രീനഗറിലും ജമ്മുവിലും 100 വീതം ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കുന്നതിനാണ് പദ്ധതി. ജമ്മു ആന്‍ഡ് ശ്രീനഗര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ഭാഗമായി 12 വര്‍ഷ കാലയളവിലേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബസുകള്‍ കൈമാറുന്നതിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡേ, ജമ്മു ആന്‍ഡ് കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഫ്‌ലാഗ് ഓഫ് ചടങ്ങുകള്‍ നടന്നത്. ജുഗല്‍ കിഷോര്‍ ശര്‍മ എം. പി., ഗുലാം അലി ഖട്ടാന എം. പി., അജയ് ഭല്ല ഐ. എ. എസ്., കേന്ദ്ര ആഭ്യന്തര സെക്രട്ടറി അടല്‍ ദുല്ലൂ ഐ. എ. എസ്., ജമ്മു ആന്‍ഡ് കശ്മീര്‍ ചീഫ് സെക്രട്ടറി മന്‍ദീപ് കൗര്‍ ഐ. എ. എസ്., ജമ്മു ആന്‍ഡ് കശ്മീര്‍ ഭവന നഗരകാര്യ വകുപ്പ് കമ്മിഷണര്‍ സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥര്‍, ജമ്മു ആന്‍ഡ് കശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ജമ്മു സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇലക്ട്രിക് ബസുകളുടെ വരവോടെ ജമ്മുവിലെ ഗതാഗത മേഖലയുടെ മുഖഛായ തന്നെ മാറുമെന്ന് ജമ്മു സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് സി. ഇ. ഒ. രാഹുല്‍ യാദവ് ഐ. എ. എസ്. പറഞ്ഞു. സുരക്ഷിതവും സുസ്ഥിരവുമായ പൊതു ഗതാഗത സംവിധാനം ഒരുക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള ഈ ബസുകള്‍ നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് കുറയ്ക്കും. കാര്‍ബണ്‍ ഫുട് പ്രിന്റ് കുറയ്ക്കുക എന്ന വലിയൊരു ചുവടു വയ്പ്പിനാണ് ടാറ്റാ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ബസുകളുടെ ഫ്‌ലാഗ് ഓഫോടെ ജമ്മു സ്മാര്‍ട്ട് സിറ്റി തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗറില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചതിനു പിന്നാലെ ജമ്മുവിലും ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ടി. എം. എല്‍. സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് ( ജെ ആന്‍ഡ് കെ ) പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അസിംകുമാര്‍ മുഖോപാധ്യായ് പറഞ്ഞു. ഇലക്ട്രിക് വാഹനഗതാഗത രംഗത്ത് മുന്‍പന്തിയിലുള്ള ടാറ്റാ മോട്ടോഴ്‌സ് രാജ്യത്തിന്റെ ഗതാഗത മേഖലയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ്. ജമ്മുവിലെ ഗതാഗത മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇലക്ട്രിക് ബസ് സംവിധാനത്തിന് കഴിയും. പരിസ്ഥിതിയോട് ഇണങ്ങുന്ന ഈ ഗതാഗത സംവിധാനം, ജമ്മുവിലെ പൊതു ഗതാഗത സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ഗുണപരമായ രീതിയിലും പരിസ്ഥിതി സൗഹൃദമായും ഉടച്ചു വാര്‍ക്കുന്നതിനു സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയിലെ തിളക്കമാര്‍ന്ന പേരുകളിലൊന്നാണ് ടാറ്റാ മോട്ടോഴ്‌സ്. രാജ്യത്തെ വിവിധ നഗരങ്ങള്‍ക്ക് ഇതിനകം 1500 ലേറെ ഇലക്ട്രിക് വാഹനങ്ങള്‍ കൈ മാറാന്‍ ടാറ്റാ മോട്ടോഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. ക്ഷമതയും മികവും ഊട്ടിയുറപ്പിച്ചു കൊണ്ടു ഈ ബസുകള്‍ 10 കോടി കിലോമീറ്റര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നഗര ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ടാറ്റാ അള്‍ട്ര ഇ. വി യ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായും ഇലക്ട്രിക് പവറില്‍ പ്രവര്‍ത്തിക്കുന്ന ബസ് ഊര്‍ജ ഉപഭോഗത്തിന്റെ ചെലവിനത്തില്‍ വന്‍ നേട്ടമുണ്ടാക്കും. പാരിസ്ഥിതികമായുള്ള നേട്ടങ്ങള്‍ക്ക് പുറമെയാണ് ഊര്‍ജ ഇനത്തിലുള്ള ഈ നേട്ടം. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള സൗകര്യം, സുഖകരമായ സീറ്റിങ്, ഡ്രൈവര്‍ സൗഹൃദ നിയന്ത്രണ സംവിധാനം എന്നിവയെല്ലാം ബസിന്റെ പ്രത്യേകതകളില്‍ ചിലതാണ്. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഉറപ്പാക്കുന്നതിനായി ടാറ്റാ അള്‍ട്രാ ഇ. വിയില്‍ ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യുഷന്‍, എയര്‍ സസ്‌പെന്‍ഷന്‍, ഇന്റലിജിന്റ് ട്രാന്‍സ്പോര്‍ട് സിസ്റ്റം (ഐ. ടി. എസ്.), പാനിക് ബട്ടണ്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതിയോടും യാത്രികരോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ആധുനികമായ സംവിധാനങ്ങളും നഗര ഗതാഗത മേഖലയില്‍ ടാറ്റാ അള്‍ട്രാ ഇ വിയെ മികവിന്റെ പര്യായമാക്കുന്നു.