Share this Article
എലിസബത്ത് രാജ്ഞിയുടെ റേഞ്ച്‌ റോവര്‍ സ്വന്തമാക്കി ഇന്ത്യക്കാരൻ; 'റോയല്‍' വാഹനം അന്നത്തെ നമ്പറിൽ തന്നെ നേടി
വെബ് ടീം
posted on 25-02-2024
17 min read

ലോക പ്രശസ്തരായ ആളുകള്‍ ഉപയോഗിച്ചിരുന്ന പല വസ്തുകളും അവരുടെ കാലശേഷം ലേലത്തില്‍ വയ്ക്കാറുണ്ട്. ഏഴ് പതിറ്റാണ്ടുകാലം ബ്രീട്ടിഷ് രാജ്ഞിപദം അലങ്കരിച്ചിരുന്ന രണ്ടാം എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന വാഹനവും അവരുടെ കാലശേഷം ലേലത്തില്‍ വയ്ക്കുകയും ഒരാൾ അത് വലിയ വില കൊടുത്ത് സ്വന്തമാകുകയും ചെയ്തു. ഇത് സ്വന്തമാക്കിയത് ഒരു ഇന്ത്യക്കാരാണെന്നതാണ് ഇതിലെ കൗതുകം. വ്യവസായ പ്രമുഖനായ യോഹാന്‍ പൂനവാലയാണ് ഈ റോയല്‍ വാഹനം സ്വന്തമാക്കിയത്.

2016-17 കാലഘട്ടത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വാഹനമായിരുന്നു ലാന്‍ഡ് റോവര്‍ റേഞ്ച് റോവറാണ് യോഹാന്‍ പൂനവാല സ്വന്തമാക്കിയിരിക്കുന്നത്. ബ്രാംലി ഓക്ഷനേഴ്‌സായിരുന്നു ഈ വാഹനം ലേലത്തില്‍ വെച്ചിരുന്നത്. 2,24,850 പൗണ്ടായിരുന്നു (ഏകദേശം രണ്ട് കോടി രൂപ) ഈ ലേലത്തില്‍ ഈ വാഹനത്തിന് മുഖവിലയായി നല്‍കിയിരുന്നത്. എന്നാല്‍, എത്ര രൂപയ്ക്കാണ് ലേലം കൊണ്ടതെന്ന കാര്യം ഇപ്പോള്‍ വാഹനം സ്വന്തമാക്കിയ യോഹാന്‍ പൂനവാല തയ്യാറായിട്ടില്ല.


എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന ഈ വാഹനം സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് പൂനവാല പ്രതികരിച്ചത്. സാധാരണ ഗതിയില്‍ രാജകുടുംബത്തിലെ വാഹനം വില്‍ക്കുമ്പോള്‍ അതിന്റെ നമ്പര്‍ മാറ്റാറുണ്ട്. എന്നാല്‍, എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്നപ്പോഴുള്ള അതേ നമ്പറിലാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് ഈ വാഹാനം സ്വന്തമാക്കിയതിലെ ഏറ്റവും പ്രധാന സവിശേഷതയായി കാണുന്നതെന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2016-ല്‍ ലാന്‍ഡ് റോവര്‍ പുറത്തിറക്കിയ റേഞ്ച് റോവര്‍ എസ്.ഡി.വി.8 ഓട്ടോബയോഗ്രഫി ലോങ്ങ് വീല്‍ ബേസ് മോഡലായിരുന്നു എലിസബത്ത് രാജ്ഞിയുടെ വാഹനം. ലോയര്‍ ബ്ലൂ നിറത്തിലാണ് ഈ റേഞ്ച് റോവര്‍ ഒരുങ്ങിയിരിക്കുന്നത്. ഐവറി നിറത്തിലുള്ള ലെതര്‍ ഉപയോഗിച്ചാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. പോലീസ് എമര്‍ജന്‍സി ലൈറ്റിങ്, ഫുട്ട് സ്റ്റെപ്പുകള്‍ എന്നിവയ്ക്ക് പുറമെ രാജ്ഞിയുടെ നിര്‍ദേശം അനുസരിച്ചുള്ള മാറ്റങ്ങളും ഈ വാഹനത്തില്‍ വരുത്തിയിരുന്നു.രാജ്ഞിയുടെ ഔദ്യോഗിക വാഹനമായി ഈ റേഞ്ച് റോവര്‍ തിരഞ്ഞെടുക്കുമ്പോള്‍ 2586 മൈല്‍ മാത്രമാണ് ഓടിയിരുന്നു. എന്നാല്‍, ലേലത്തിനെത്തിയപ്പോള്‍ 18,000 മൈലാണ് ഈ വാഹനം ഓടിയിട്ടുള്ളതെന്നാണ് വില്‍പ്പനക്കാര്‍ അറിയിച്ചിരിക്കുന്നത്. OU16 XVH എന്ന നമ്പറിലാണ് ഈ വാഹനം ഉപയോഗിച്ചിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നു ബറാക് ഒബാമയും അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമയും 2016-ല്‍ ബ്രിട്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ വാഹനത്തിലാണ് അവര്‍ക്ക് യാത്ര ഒരുക്കിയിരുന്നത്.

വ്യവസായ പ്രമുഖരായ പൂനവാല കുടുംബത്തിലെ അംഗമാണ് യോഹാന്‍ പൂനവാല. ഇന്റര്‍വാല്‍വ് പൂനവാല ലിമിറ്റഡ്, എല്‍-ഒ-മാറ്റിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പൂനവാല എന്‍ജിനിയറിങ്ങ് ഗ്രൂപ്പിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാനാണ് യോഹാന്‍. ഇതിനുപുറമെ, പൂനവാല റേസിങ്ങ് ആന്‍ഡ് ബ്രീഡിങ്, പൂനവാല സ്റ്റഡ് ഫാം എന്നിവയുടെ ഡയറക്ടറുമാണ് അദ്ദേഹം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓഹരികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

100 കോടി രൂപയോളം മൂല്യമുള്ള വന്‍ വാഹനശേഖരത്തിന്റെ ഉടമയെന്ന നിലയിലാണ് പൂനവാല അറിയപ്പെടുന്നത്.മൈസൂര്‍ രാജാവിന്റെ കൈവശമുണ്ടായിരുന്ന 1949 മോഡല്‍ റോള്‍സ് റോയിസ് വാഹനങ്ങള്‍ തുടങ്ങി ഇന്ന് ഇന്ത്യയിലും വിദേശത്തുമായി ലഭിക്കുന്ന ഭൂരിഭാഗം അത്യാഡംബര വാഹനങ്ങളും അദ്ദേഹത്തിന്റെ വാഹനശേഖരത്തിലുണ്ട്. എലിസബത്ത് രാജ്ഞിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കുന്നതിന് മാസങ്ങള്‍ മുമ്പ് പുതിയ ബെന്റിലി ഫ്‌ളൈയിങ്ങ് സ്പര്‍ അദ്ദേഹം ഗ്യാരേജിലെത്തിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article