ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ടെസ്‌ല മോട്ടോർസ്. എലോൺ മസ്‌ക് ആണ് ഈ കമ്പനിയുടെ ഉടമസ്ഥൻ. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയും അമേരിക്കയിലെ പ്രമുഖ വ്യവസായിയും ടെസ്‌ല മോട്ടോർസിൻ്റെ സിഇഒയുമാണ് അദ്ദേഹം.
എന്നാൽ ടെസ്‌ല മോട്ടോർസിൻ്റെ ചരിത്രത്തെക്കുറിച്ച് പലർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. ടെസ്‌ല മോട്ടോർസ് സ്ഥാപിച്ചത് എലോൺ മസ്‌ക് അല്ല എന്നതാണ് അതിൽ പ്രധാനം. രണ്ട് എഞ്ചിനീയർമാർ ചേർന്നാണ് ഈ കമ്പനിക്ക് തുടക്കമിട്ടത്. നമുക്ക് ആ കഥ ഒന്ന് മനസിലാക്കാം
ടെസ്‌ലക്ക് തുടക്കമിട്ട എഞ്ചിനീയർമാർ
മാർട്ടിൻ എബർഹാർഡ്, മാർക്ക് ടാർപെനിംഗ് എന്നീ രണ്ട് എഞ്ചിനീയർമാർ ചേർന്നാണ് ടെസ്‌ലക്ക് തുടക്കമിട്ടത്. 2003 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പിന്നീട് നിക്കോള ടെസ്‌ലയുടെ പേര് കമ്പനിക്ക് നൽകി. ഓട്ടോമൊബൈൽ വ്യവസായത്തെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന ഇലക്ട്രിക് കാറുകൾ നിർമ്മിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. തുടക്കത്തിൽ ഈ കമ്പനി ഫണ്ടിനായി തിരയുകയായിരുന്നു. ഈ സമയത്താണ് എലോൺ മസ്‌ക് ഈ കമ്പനിക്ക് ഫണ്ട് നൽകുന്നത്.
എലോൺ മസ്‌കിൻ്റെ നിക്ഷേപം
2004 ലാണ് എലോൺ മസ്‌ക് ടെസ്‌ല മോട്ടോർസിലേക്ക് പ്രവേശിക്കുന്നത്. ഏകദേശം 6.5 മില്യൺ ഡോളറാണ് അദ്ദേഹം കമ്പനിയിൽ നിക്ഷേപം നടത്തിയത്. പിന്നീട് എലോൺ മസ്‌ക് ഈ കമ്പനിയുടെ ചെയർമാനായി മാറി. അങ്ങനെയാണ് എലോൺ മസ്‌ക് ടെസ്‌ല മോട്ടോർസുമായി ബന്ധം സ്ഥാപിക്കുന്നത്.
എന്നാൽ ടെസ്‌ലയെ ആളുകൾ എലോൺ മസ്‌കിൻ്റെ പേരിലല്ല അറിഞ്ഞിരുന്നത്. കമ്പനിയുടെ ബ്രാൻഡിംഗിൽ പോലും എലോൺ മസ്‌കിൻ്റെ പേര് ഉപയോഗിച്ചിരുന്നില്ല. ടെസ്‌ല അറിയപ്പെട്ടിരുന്നത് മാർട്ടിൻ എബർഹാർഡിൻ്റെ പേരിലായിരുന്നു.
തുടർന്ന് 2006 ൽ എലോൺ മസ്‌ക് ഒരു ബ്ലോഗ് പോസ്റ്റിൽ ടെസ്‌ലയുടെ രഹസ്യ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചു. ഈ ബ്ലോഗിൽ അദ്ദേഹം സ്വയം ടെസ്‌ലയുടെ തന്ത്രപരമായ ബുദ്ധികേന്ദ്രമായി വിശേഷിപ്പിച്ചു. ഈ സമയം എലോൺ മസ്‌കും മാർട്ടിൻ എബർഹാർഡും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു.
2007 ൽ മാർട്ടിൻ എബർഹാർഡിനെ ടെസ്‌ലയുടെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഇതിനെത്തുടർന്ന് മാർട്ടിൻ എബർഹാർഡ് എലോൺ മസ്‌കിനെതിരെ കേസ് ഫയൽ ചെയ്തു. ഈ കേസിൽ നിയമപരമായി എലോൺ മസ്‌കിന് ടെസ്‌ലയുടെ സഹസ്ഥാപക പദവി ലഭിച്ചു. അങ്ങനെ എലോൺ മസ്‌ക് ടെസ്‌ലയുടെ സഹസ്ഥാപകൻ എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങി.