ഡല്‍ഹിയില്‍ പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. ആൺ സുഹൃത്താണ് കൊലക്ക് പിന്നിൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെ രോഹിണിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. കൊല നടത്തിയതിന് പിന്നാലെ ഒളിവിലായ പെൺകുട്ടിയുടെ കാമുകാൻ സാഹിൽ പിടിയിലായി. ഇരുപതുകാരനായ പ്രതിയെ ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
സാക്ഷി ദിക്ഷീതെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിക്ക് ഇരുപത് തവണ ശരീരത്തില്‍ കുത്തേറ്റിരുന്നു. ഇതിന് പുറമെ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് തലയ്ക്ക് അടിയ്ക്കുകയും ചെയ്തു. അക്രമത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ആക്രമണം കണ്ട് നിരവധിപ്പേര്‍ തടിച്ചുകൂടിയെങ്കിലും ആരും യുവാവിനെ തടഞ്ഞില്ല. സുഹൃത്തിന്റെ വീട്ടില്‍ ബര്‍ത്ഡേ പാര്‍ട്ടിക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും പ്രണയത്തിലായിരുന്നു എന്നും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി എന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ക്രൂരമായ കൊലപാതകം ആരും തടയാന്‍ ശ്രമിച്ചില്ലെന്നും സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഡല്‍ഹി വനിത കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു.