Share this Article
കമിതാക്കളെ വെടിവെച്ച് കൊന്നു; മൃതദേഹം കല്ല്‌കെട്ടി ചീങ്കണ്ണികൾ നിറഞ്ഞ പുഴയില്‍ തള്ളി; തിരച്ചില്‍
വെബ് ടീം
posted on 19-06-2023
1 min read
Lovers killed by girls relative in MP

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രൂരമായ ഇരട്ടക്കൊല. കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ കല്ല് കെട്ടി പുഴയില്‍ തള്ളി. മധ്യപ്രദേശിലെ ബാലുപുര രത്തന്‍ബസായി ഗ്രാമത്തിലാണ് കമിതാക്കളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്നും പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. രത്തന്‍ബസായി സ്വദേശിനിയായ ശിവാനി തോമാര്‍(18) സമീപഗ്രാമത്തിലെ രാധേശ്യാം തോമാര്‍(21) എന്നിവരെയാണ് ശിവാനിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ഏതാനുംദിവസങ്ങളായി ഇരുവരെയും കാണാതായതിനെത്തുടര്‍ന്ന് യുവാവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരെയും കാണാനില്ലെന്നും ശിവാനിയുടെ ബന്ധുക്കള്‍ ഇവരെ കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 

ശിവാനിയും രാധേശ്യാമും ഏറെനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഈ എതിര്‍പ്പ് മറികടന്നും ഇരുവരും അടുപ്പം തുടര്‍ന്നതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.കമിതാക്കളായ രണ്ടുപേരും ഗ്രാമത്തില്‍നിന്ന് ഒളിച്ചോടിയതാകാമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. മേയ് മാസത്തില്‍ ഇരുവരും ഒളിച്ചോടിയ സംഭവമുണ്ടായിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍നിന്ന് പോലീസ് സംഘം ഇവരെ കണ്ടെത്തുകയും നാട്ടിലെത്തിക്കുകയുമായിരുന്നു. അതിനാല്‍ കമിതാക്കള്‍ വീണ്ടും നാടുവിട്ടെന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇരുവരെയും കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുകയായിരുന്നു. 

ജൂണ്‍ മൂന്നാംതീയതിയാണ് രണ്ടുപേരെയും വെടിവെച്ച് കൊന്നതെന്നും ഇതിനുശേഷം മൃതദേഹങ്ങളില്‍ കല്ല് കെട്ടി പുഴയില്‍ ഉപേക്ഷിച്ചെന്നുമാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. നിരവധി മുതലകളും ചീങ്കണ്ണികളുമുള്ള ചമ്പല്‍ നദിയിലാണ് പ്രതികള്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസ് പറയുന്നത്. മൃതേദഹം കണ്ടെടുക്കാനായി തിരച്ചില്‍ ആരംഭിച്ചതായും മുങ്ങല്‍ വിദഗ്ധരുടെ ഉള്‍പ്പെടെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories