കോഴിക്കോട് ജാനകിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തവും ഒരാൾക്ക് 30 വർഷവും തടവുശിക്ഷ വിധിച്ചു. നാദാപുരം പോക്സോ അതിവേഗ കോടതിയാണ് വിധിപ്രസ്താവിച്ചത്. കേസിലെ രണ്ടാം പ്രതിക്കാണ് 30 വർഷം തടവ് ശിക്ഷ വിധിച്ചത്.
2017 സെപ്റ്റംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനിയായ 17കാരിയെ പ്രണയം നടിച്ച് ഒന്നാം പ്രതിയായ സായൂജ് വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ശീതള പാനീയത്തിൽ ലഹരിമരുന്ന് ചേർത്ത് നൽകി പെൺകുട്ടിയെ നാലുപേരും ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. അവശയായ പെൺകുട്ടിയെ വീടിന് സമീപത്ത് ഉപേക്ഷിച്ചു. ഈ കേസിലാണ് കുറ്റ്യാടി തെക്കേപറമ്പത്ത് സായൂജ്, പാറച്ചാലിൽ അടുക്കത്ത് ഷിബു, മെയിലോത്തറ തമഞ്ഞിമ്മൽ രാഹുൽ, കായക്കൊടി ആക്കൽ അക്ഷയ് എന്നിവർക്കാണ് നാദാപുരം അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
രണ്ടാംപ്രതി ഷിബുവിന് 30 വർഷവും മറ്റുള്ളവർക്ക് ജീവപര്യന്തവുമാണ് തടവ്ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി സായൂജ് ഒരു ലക്ഷത്തി 75000 രൂപയും രണ്ടാം പ്രതി ഷിബു ഒരു ലക്ഷവും മൂന്നും നാലും പ്രതികളായ രാഹുലും അക്ഷയിയും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വീതവും പിഴയടക്കാനും കോടതി ഉത്തരവിട്ടു. നാദാപുരം മുൻ എ.എസ്.പി പി.നിതിൻ രാജാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ആകെ 30 സാക്ഷികളെയാണ് വിസ്തരിച്ചത്.