കൊട്ടാരക്കരയില്‍ മകന്‍ അമ്മയെ കുത്തി കൊലപ്പെടുത്തി. തലവൂര്‍ അരിങ്ങട സ്വദേശി മിനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മെയ് മുതല്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു മിനി. രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നതിനായി എത്തിയതായിരുന്നു ജോമോന്‍. മിനിയെ ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെ ചെങ്ങമനാട് ജംഗ്ഷനില്‍ നിര്‍ത്തി ജോമോന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരന്തരീക്ഷം സൃഷ്ടിച്ച അക്രമി ഓടി രക്ഷപെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ ലോറിയില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച ജോമോനെ സാഹസികമായി കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ജോമോന്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു