മണിപ്പുരിലെ ജിരിബാമിലെ മെയ്‌തെയ് ദുരിതാശ്വാസ ക്യാംപില്‍നിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറംഗ കുടുംബത്തിലെ രണ്ടര വയസ്സുകാരന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കു വെടിയേറ്റതിനു പുറമേ നെഞ്ചില്‍ ഗുരുതരമായ മുറിവുകളുമേറ്റിരുന്നു.
കൊല്ലപ്പെട്ട ആറംഗ കുടുംബത്തിലെ 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണു പുറത്തായത്. മെയ്‌തെയ് ദുരിതാശ്വാസ ക്യാംപില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 8 പേരില്‍ 6 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മൃതദേഹങ്ങള്‍ പുഴകളില്‍ നിന്നാണ് ലഭിച്ചത്.
8 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. കലാപത്തിനു വീണ്ടും കാരണമാക്കുമെന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുകയായിരുന്നു സര്‍ക്കാറെന്നാണ് റിപ്പോര്‍ട്ടുകള്‍.