Share this Article
Union Budget
നെടുമങ്ങാട് സ്വദേശി വിനീത കൊല്ലപ്പെട്ട കേസ് ; പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ
Vineetha Murder Case


വിനീത വധക്കേസിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി വിധി. കോടതി പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ട് തേടി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കും. 2022 ഫെബ്രുവരി ആറിനാന് പ്രതി അമ്പലമുക്കിലെ അലങ്കാര ചെടി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തുന്നത്…


തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ സ്വർണ മാല തട്ടിയെടുക്കാനാണ് വിനീതയെ കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തൽ. പ്രതി കുറ്റക്കാരനാണെന്ന് പറഞ്ഞ കോടതി കേസിൽ ശിക്ഷാവിധി പ്ര‌സ്താവിച്ചില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് റിപ്പോർട്ടുകൾ കൂടി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസികനില പരിശോധിച്ച റിപ്പോർട്ട് ഉൾപ്പെടെയാണ് തേടിയിരിക്കുന്നത്..


2022 ഫെബ്രുവരി ആറിനാണ് അമ്പലമുക്ക് കുറവൻകോണം റോഡിലെ അലങ്കാര ചെടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന വിനീതയെ രാജേന്ദ്രൻ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ ദൃ‌ക്സാക്ഷികൾ ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം വിനീതയുടെ കഴുത്തിൽ കിടന്ന നാലര പവൻ സ്വർണമാലയുമായി പ്രതി രക്ഷപ്പെട്ടു, തുടർന്ന് 2022 ഫെബ്രുവരി 11 ന് തിരുനൽവേലിക്ക് സമീപമുള്ള കാവൽ കിണറിൽ നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 


ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബർ ഫോറൻസിക് തെളിവുകളും, സാഹചര്യ തെളിവുകളുമായിരുന്നു പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. തമിഴ്നാട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ തിരുവനന്തപുരത്ത് ജോലി തേടിയാണ് എത്തിയത്, പേരൂർക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്..


കേസിൽ 96 പേരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി നടത്തിയ യാത്ര വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകളും ഏഴ് ഡി.വി.ഡി ഉൾപ്പടെ 222 രേഖകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നത്…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article