Share this Article
റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതു പേരെ വെറുതെ വിട്ടു
വെബ് ടീം
posted on 14-08-2023
1 min read
TWO ACCUSED FOUND GUILTY IN RADIO JOCKEY RAJESH MURDER CASE

തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടു.  ശിക്ഷ ഈ മാസം 16 ന് വിധിക്കും. 

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തെളിവില്ലെന്ന കാരണത്താലാണ് ഒമ്പതു പ്രതികളെ വെറുടെ വിട്ടത്. 2018 മാര്‍ച്ച് 27 നാണ് റോഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്. 

കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു. 

കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അബ്ദുള്‍ സത്താര്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയത്. 

സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.

കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടില്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലയ്ക്കു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories