കൊല്ലത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിന് കാരണം ഭര്‍ത്താവിന്റെ സംശയമെന്ന് എഫ്‌ഐആറില്‍. സംഭവത്തില്‍ പ്രതി പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി.
അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നും ഭാര്യയെ കൊലപ്പെടുത്തിയതില്‍ മാനസിക പ്രയാസമില്ലെന്നുമാണ് പ്രതി പത്മരാജന്‍ പൊലീസിന് നല്‍കിയ മൊഴി. രണ്ടു ദിവസം മുന്‍പ് അനിലയുടെ ആണ്‍സുഹൃത്തായിട്ടുള്ള യുവാവ് തന്നെ മര്‍ദിച്ചിരുന്നുവെന്നും കണ്‍മുന്നിലിട്ട് തന്നെ മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റിയില്ലെന്നും പത്മരാജന്‍ മൊഴി നല്‍കി.
സംഭവസമയത്ത് അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് താന്‍ അറിഞ്ഞില്ലെന്നുമാണ് പത്മരാജന്റെ മൊഴി. സംഭവത്തില്‍ പ്രതി പത്മരാജന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. അനിലയും സോണിയും സഞ്ചരിച്ച കാറിലാണ് പത്മരാജന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. തീ പടര്‍ന്നതോടെ സോണി കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
കാറിലുണ്ടായിരുന്ന അനില സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റ് മരിച്ചു. കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയില്‍ പത്മരാജന്‍ ഈസ്റ്റ് പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു.