Share this Article
image
Pinarayi Vijayan : വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ ആക്രമണ ശ്രമം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം തയ്യാർ
വെബ് ടീം
posted on 09-06-2023
1 min read
Kerala CM Pinarayi Vijayan

മുഖ്യമന്ത്രിയെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി. കുറ്റപത്രം പോലീസ് നിയമോപദേശത്തിനായി നല്‍കി. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ് ഉള്‍പ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. മുന്‍ എംഎല്‍എ ശബരിനാഥ് ഉള്‍പ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവരാണ് മറ്റ് പ്രതികള്‍. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം സുനീഷും ഗണ്‍മാന്‍ അനില്‍കുമാറും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article