Share this Article
image
വനിതാ പൊലീസുകാരെ ഇരുമ്പുകമ്പി കൊണ്ട് ആക്രമിച്ചു; അമ്മയും മകളുമടക്കം മൂന്ന് പേര്‍ക്ക് 13 വര്‍ഷം കഠിന തടവ്
വെബ് ടീം
posted on 05-10-2023
1 min read
mother and daughters sentenced to 13 years rigorous imprisonment

ആലപ്പുഴ: വീട് കേന്ദ്രീകരിച്ചു ദുര്‍മന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് 13 വര്‍ഷം കഠിനതടവ്. വനിത സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും വനിത സിവില്‍ പൊലീസിനെയും ഇരുമ്പു വടി കൊണ്ട് ആക്രമിച്ച കേസില്‍ മൂവരും അര ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. നൂറനാട് ഉളവുക്കാട് വന്മേലിത്തറയില്‍ ആതിര (ചിന്നു-26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവര്‍ക്കാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി-3 ജഡ്ജി എസ് എസ്  സീന ശിക്ഷ വിധിച്ചത്.  വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ മൂന്നു പേരും 7 വര്‍ഷം വീതം കഠിന തടവ് അനുഭവിക്കണം. 

2016 ഏപ്രില്‍ 23ന് ആലപ്പുഴ വനിത സെല്‍ എസ്എച്ച്ഒ ആയിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടില്‍ മീനാകുമാരി (59), വനിത സിവില്‍ പൊലീസ് ഓഫിസര്‍ ലേഖ (48) എന്നിവരെ ആക്രമിച്ച കേസിലാണ് വിധി. ആക്രമണത്തില്‍ മീനാകുമാരിയുടെ വലതു കൈവിരല്‍ ഒടിഞ്ഞിരുന്നു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ മീനാകുമാരിക്കു നല്‍കണം.

പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്മേലില്‍ പ്രദേശത്തെ 51 പേര്‍ ഒപ്പിട്ടു കലക്ടര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു വനിതാ പൊലീസ് സംഘം സംഭവദിവസം വൈകിട്ട് ഇവരുടെ വീട്ടിലെത്തിയത്. ആതിരയുമായി സംസാരിച്ച മീനാകുമാരി, മന്ത്രവാദവും മറ്റും നിര്‍ത്തി വിദ്യാഭ്യാസം തുടരണമെന്ന് ഉപദേശിച്ചു. അതിനിടെ അപ്രതീക്ഷിതമായി ഇരുമ്പുകമ്പി കൊണ്ടു പ്രതികള്‍ ആക്രമിക്കുകയായിരുന്നു. തടയാന്‍ ചെന്ന ലേഖയ്ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article