Share this Article
ചെറായി ശീതൾ കൊലക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം തടവും, മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ
വെബ് ടീം
posted on 21-06-2023
1 min read
Cherai Sheethal Murder case verdict

കൊച്ചി: ചെറായി ശീതൾ കൊലക്കേസ് പ്രതിയ്ക്ക് ജീവപര്യന്തം തടവും, മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പറവൂർ അഡീഷണൽ സെഷൻസ് കോടതി. കോട്ടയം തിരുത്തിപ്പള്ളി പാറത്തോട്ടുങ്ങൽ പ്രശാന്ത് (29) നെയാണ് കോടതി ശിക്ഷിച്ചത്.  പിഴയടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടുതൽ തടവനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ശീതളിന്‍റെ കുട്ടിക്ക് നൽകണമെന്നും വിചാരണ കോടതി നിർദേശിച്ചു. 

പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തിയ ക്രൂര കൊലപാതകം നടന്നത് 2017 ഓഗസ്‌റ്റ്‌ 11 ന് ആണ്. കുറ്റകൃത്യം നടന്ന് ആറുവർഷം പൂർത്തിയാകാനിരിക്കെയാണ് പ്രതി ശിക്ഷിക്കപ്പെടുന്നത്. ചെറായി ബീച്ചിലെ സ്വകാര്യ റിസോർട്ടിന് എതിർവശം വച്ച് സംഭവ ദിവസം പകൽ 11 മണിയോടെ ശീതളിനെ സുഹൃത്തായിരുന്ന പ്രശാന്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

നെഞ്ചിലും വയറിലും കത്തി കുത്തിയിറക്കിയതിനെ തുടർന്നായിരുന്നു ശീതൾ മരണപ്പെട്ടത്. സംഭവ സ്ഥലത്തും നിന്നും ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. കരാർ പണിക്കാരനായ പ്രശാന്ത് ശീതളിന്‍റെ വീടിന് മുകൾ നിലയിൽ സുഹൃത്തുക്കളോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. 

പ്രതിയുമായി സൗഹാർദത്തിലായിരുന്ന ശീതൾ ഇയാളുടെ ദുരുദ്ദേശം മനസിലാക്കി ഒഴിവാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും, സാഹചര്യ തെളിവുകളുടെയും പിൻബലത്തിലാണ് തൊണ്ണൂറ് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഞാറയ്ക്കൽ സി.ഐ ആയിരുന്ന ഉല്ലാസ്, മുനമ്പം എസ്.ഐ ആയിരുന്ന ജി.അരുൺ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ എം.ആർ രാജേഷ്, പ്രവീൺ ദാസ് തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories