ലണ്ടനിൽ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന മലയാളി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റുമരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 20 വയസ്സുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴം അർധരാത്രിയോടെ സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഫ്‌ളാറ്റിലാണ് സംഭവം. അരവിന്ദ് അടക്കം നാലുപേരാണ് ഇവിടെ താമസിച്ചിരുന്നത്.
സുഹൃത്തുക്കളാണ് പൊലീസിനെ അറിയിച്ചത്. പാരാമെഡിക്കൽ സംഘമെത്തിയെങ്കിലും അരവിന്ദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം. തർക്കത്തിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. പത്തുവർഷംമുൻപ് വിദ്യാർഥി വിസയിലെത്തിയതാണ് അരവിന്ദ്. കായകുളം കുത്തിത്തുരുവ് സ്വദേശി ശശികുമാറിൻെയും കരിമുളയ്ക്കൽ സ്വദേശി ശ്രീദേവിയുടെയും മകനാണ്. സഹോദരൻ: ശേഖർ.