പത്തനംതിട്ട റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു.റാന്നി കീക്കൊഴൂരിലാണ് സംഭവം. യുവതിയുമായി മുൻ പരിചയമുള്ള അതുല്‍ സത്യൻ എന്ന ആളാണ് വെട്ടി കൊലപ്പെടുത്തിയത്. രജിത എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ചവർക്കും വേട്ടേറ്റിട്ടുണ്ട്.
രജിതയുടെ അച്ഛന്‍ വി എ രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) തുടങ്ങിയവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ രാജുവിന്റെ നില ഗുരുതരമാണ്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന് അടിയന്തരശസ്ത്രക്രിയ നടത്തി.
ആക്രമണസമയത്ത് രജിതയുടെ മക്കളായ ഭദ്രി(4), ദര്‍ശിത്(2) എന്നിവര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും, ബഹളം കേട്ടെത്തിയവര്‍ സ്ഥലത്തുനിന്ന് മാറ്റിയതിനാല്‍ കുട്ടികള്‍ രക്ഷപ്പെട്ടു. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ശനിയാഴ്ച രജിത അതുലിനെതിരേ റാന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാകാം ഇതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഒരാഴ്ച മുമ്പ് പത്തനാപുരത്തെ റബർ തോട്ടത്തിൽ രജിതയെ ഇയാൾ എത്തിച്ച് കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ രജിതയുടെ അമ്മയെ കാണിച്ച് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതുല്‍.