ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധരാ ഓസ്വാള്‍ ഉഗാണ്ടയില്‍ തടവിലായതിനെതുടര്‍ന്ന് പങ്കജ് ഓസ്വാളും കുടുംബവും ഒളിവില്‍.
വസുന്ധരയുടെ കമ്പനി മുന്‍ ജീവനക്കാരന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് വസുന്ധരാ അറസ്റ്റിലായതെന്ന് ഉഗാണ്ടന്‍ അധികൃതരുടെ വാദം.
100 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ ഒരുക്കിയ തങ്ങളുടെ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 3 വര്‍ഷമായി ഉഗാണ്ടയിലാണ് വസുന്ധരാ. ധാന്യത്തില്‍ നിന്നും ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കുന്ന കിഴക്കന്‍ ആഫ്രിക്കയിലെ ആദ്യ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കുന്നതിനിടെയാണ് ഒക്ടോബര്‍ ഒന്നിന് വസുന്ധരയെ ഉഗാണ്ടന്‍ പൊലീസ് തടവിലാക്കുന്നത്.
മൂന്നാഴ്ചയിലേരെയായി വസുന്ധരാ തടവില്‍ കഴിയുകയാണ്. മുകേഷ് മെനാരിയ എന്ന ജീവനക്കാരന്റെ തിരോധാനത്തില്‍ ഓസ്വാള്‍ കുടുംബത്തിന് പങ്കുണ്ടെന്നും അയാളെ കൊലപ്പെടുത്തിയെന്നുമാണ് അധികൃതരുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മുകേഷ് മനാരിയ ജീവനോടെയുണ്ടെന്നും അയാള്‍ ടാന്‍സാനിയയില്‍ സുഖജീവിതം നയിക്കുകയാണെന്നും ഓസ്വാള്‍ കുടുംബം അവകാശപ്പെടുന്നു.
മകളെ ആഫ്രിക്കയിലേക്കയച്ചതില്‍ തങ്ങള്‍ പശ്ചാത്തപിക്കുന്നുവെന്നും ഉഗാണ്ടയിലേക്ക് പോയാല്‍ അറസ്റ്റിലാവുമെന്നുള്ളതിനാല്‍ ഒളിവില്‍ കഴിയുകയാണ് തങ്ങളുടെ മാതാപിതാക്കലെന്നും വസുന്ധരയുടെ സഹോദരി റിദ്ദി ഓസ്വാള്‍ പറയുന്നു. തന്റെ സഹോദരി ഉഗാണ്ടന്‍ ജയിലില്‍ യാതന അനുഭവിക്കുകയാണെന്നും കേവലം വസ്ത്രം മാറ്റാനോ കുളിക്കാനോ ഉള്ള സൗകര്യമൊരുക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്നും റിദ്ദി പറഞ്ഞു.