തിരുവള്ളൂർ ജില്ലയിലെ വേപ്പംപട്ട് ബാലാജി നഗർ സ്വദേശിയാണ് മുനിയമ്മ. തണിക്കൈവേലാണ് ഭർത്താവ്. പ്രദേശത്ത് വീട്ടുജോലി ചെയ്യുന്ന മുനിയമ്മാൾ ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ്. മുനിയമ്മയ്ക്കൊപ്പം 24 വയസ്സുള്ള മകൾ ദേവിയുമുണ്ട്.
നഴ്‌സിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയ ദേവി കിടപ്പ് രോഗികളെ വീടുകളിൽ ചെന്ന് പരിചരിക്കുന്ന സ്‌റ്റേ-അറ്റ്-ഹോം നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു ദേവി. കഴിഞ്ഞ നാല് മാസമായി ജോലിക്ക് പോകാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു ദേവി കാണാനില്ലെന്ന് കാണിച്ച് നവംബർ 24ന് മുനിയമ്മാൾ ചെവ്വാപേട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മുനിയമ്മാളിൻ്റെ പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അതേ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സായിറാം എന്ന 19കാരനെ കാണാതായി എന്ന മറ്റൊരു പരാതിയും പൊലീസിന് ലഭിച്ചു. കാണാതായ ദേവിയും സായിറാമും വിവാഹിതരായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചെന്നൈയിലെ ബസന്ത് നഗറിലെ മുരുകൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരും വിവാഹം നടത്തിയത്.
തുടർന്ന് പ്രണയ ജോഡികൾ വെള്ളിയാഴ്ച ചെവ്വാപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരായി. കഴിഞ്ഞ മൂന്ന് മാസമായി സായിറാമും ദേവിയും പ്രണയത്തിലായിരുന്നെന്നും ബന്ധുക്കൾ സമ്മതിക്കാതിരുന്നതിനാൽ തങ്ങൾ ഒളിച്ചു പോയെന്നുമാണ് ഇരുവരും പൊലീസിനെ അറിയിച്ചത്.
ചെവ്വാപേട്ട പോലീസ് സ്റ്റേഷനിൽ രണ്ട് പേരുടേയും ബന്ധുക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ പൊലീസ് പാടുപെടുന്നതിനിടെ, ദേവിയുടെ അമ്മയുടെ സഹോദരൻ മണി പൊലീസ് സ്റ്റേഷനിലെത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി.
താനും ദേവിയും തമ്മിൽ കഴിഞ്ഞ 6 വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് മണിയുടെ അവകാശവാദം. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ദേവിയുടെ പെരുമാറ്റത്തിൽ വലിയ മാറ്റം വന്നെന്നും മണി പൊലീസിനോട് പറഞ്ഞു.
ഇതിനിടെയാണ് മറ്റൊരാൾ കൂടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ചോളവരത്തിനടുത്തുള്ള കാരനോടൈ പ്രദേശത്തെ വിജയ് എന്ന യുവാവ് എത്തിയതോടെയാണ് ദേവി അത്ര നിസാരക്കാരി അല്ലെന്ന് പൊലീസിന് മനസിലായത്.
ദേവി താനുമായി പ്രണയത്തിലായിരുന്നുവെന്ന് പറഞ്ഞ് ദേവിയോടൊപ്പം എടുത്ത ഫോട്ടോകൾ അടങ്ങിയ മൊബൈൽ ഫോണുമായാണ് വിജയ് പോലീസ് സ്റ്റേഷനിലെത്തിയത്. തന്നിൽ നിന്ന് അഞ്ച് ലക്ഷം രൂപ ദേവി തട്ടിയെടുത്തെന്നും വിജയ് ആരോപിച്ചതോടെ പൊലീസ് ദേവിയേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.
നഴ്‌സായി ജോലി നോക്കുകയായിരുന്ന ദേവി 12 യുവാക്കളെ പ്രണയം നടിച്ച് കബളിപ്പിച്ച് പണവും ആഭരണങ്ങളും കൈക്കലാക്കിയെന്ന് പോലീസിന് വ്യക്തമായി.
ഇതൊക്കെ കേട്ടിട്ടും ദേവിയോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് പത്തൊൻപതുകാരൻ വാശിപിടിച്ചെങ്കിലും പൊലീസ് അവവനെ ബന്ധുക്കളുടെ കൂടെ പറഞ്ഞയക്കുകയായിരുന്നു.
ദേവിയോട് പ്രതികാരൻ ചെയ്യാൻ കാത്തിരുന്ന നിരാശ കാമുകന്മാരെയും പൊലീസ് വിരട്ടിയോടിച്ചു. ഒടുവിൽ ദേവിയെ അമ്മയോടൊപ്പം പറഞ്ഞ് വിട്ടാണ് പൊലീസ് പ്രശനങ്ങൾ മുഴുവൻ പരിഹരിച്ചത്.