ഹൈദരാബാദ്:സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതി ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.തെലങ്കാന നച്ചാരം സ്വദേശി സന പട്ടേലാണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തു സന പട്ടേലി(29)ന്റെ മരണത്തിൽ ഭര്‍ത്താവ് ഹേമന്ദ് പട്ടേലിനും ഇയാളുടെ മാതാപിതാക്കള്‍ക്കും എതിരേയാണ് ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തത്. സനയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സന പട്ടേല്‍ ബുധനാഴ്ച രാത്രിയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ ഉപദ്രവം വിശദീകരിച്ചുള്ള ഫെയ്‌സ്ബുക്ക് ലൈവിനിടെയായിരുന്നു യുവതിയുടെ കടുംകൈ. വിവരമറിഞ്ഞ് അല്പസമയത്തിന് ശേഷം മാതാപിതാക്കള്‍ മുറിയിലേക്ക് എത്തിയെങ്കിലും മരണം സംഭവിച്ചു.മൂന്നുവയസ്സുള്ള മകനെ ഒരിക്കലും തന്റെ ഭര്‍ത്താവിന് വിട്ടുകൊടുക്കരുതെന്നാണ് കരഞ്ഞുകൊണ്ട് യുവതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞത്. മകനെ തന്റെ മാതാപിതാക്കള്‍ സംരക്ഷിക്കണമെന്നും യുവതി ഫെയ്‌സ്ബുക്ക് ലൈവിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
രാജസ്ഥാന്‍ സ്വദേശിയും സംഗീതാധ്യാപകനും ഡി.ജെ.യുമായ ഹേമന്ദ് പട്ടേലാണ് സനയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും ഉപദ്രവങ്ങളുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അഞ്ചുവര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. അടുത്തിടെ ഹേമന്ദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സനയ്ക്ക് മനസിലായി. മാത്രമല്ല, സനയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതും പതിവായിരുന്നു. നിസ്സാരകാര്യങ്ങളെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ഹേമന്ദിന് അവിഹിതബന്ധമുണ്ടെന്ന് മനസിലായതോടെ സന കടുത്ത വിഷാദത്തിനടിപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ആറുമാസം മുന്‍പ് ഹേമന്ദ് ജോലിക്കായി സൈപ്രസിലേക്ക് പോയി. കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നില്ല. യുവതി അങ്ങോട്ട് വിളിച്ചാല്‍ ഫോണ്‍ എടുത്തിരുന്നുമില്ല. ഇത് യുവതിയെ കൂടുതല്‍ വിഷമത്തിലാക്കി. ചൊവ്വാഴ്ച ഹേമന്ദ് സനയെ ഫോണില്‍ വിളിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)