Share this Article
image
നക്ഷത്രയുടെ അമ്മയേയും കൊലപ്പെടുത്തിയത് ശ്രീമഹേഷ്? സംശയവുമായി കുടുംബം; ആത്മഹത്യക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ നിലയിൽ പുരോഗതി
വെബ് ടീം
posted on 09-06-2023
1 min read
mother in law allegations against accused srimahesh

പുന്നമ്മൂട്ടിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തി  ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛൻ മഹേഷിന്റെ നിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന 6 വയസുകാരിയാണ് അച്ഛന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  സുനന്ദയെയും മഹേഷ് വെട്ടിയെങ്കിലും ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്.  ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകതുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്നാണ് പൊലീസ് പറയുന്നത്. പുനര്‍ വിവാഹം നടക്കാത്തതില്‍  ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്. 

അതേ സമയം ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യാ മാതാവ്. നക്ഷത്രയുടെ അമ്മ വിദ്യയെയും ശ്രീമഹേഷ് കൊലപ്പെടുത്തിയതാണെന്ന് സംശയം പ്രകടിപ്പിച്ച് വിദ്യയുടെ അമ്മ രാജശ്രീ ലക്ഷമണൻ രംഗത്തുവന്നു.

അഞ്ചുവർഷം മുൻപാണ് നക്ഷത്രയുടെ അമ്മ മരിച്ചത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു. ശ്രീമഹേഷ് പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു.

 ശ്രീമഹേഷ് മൂന്നുപേരെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാന്‍ ലക്ഷ്യമിട്ടത്. ഇന്നലെ അഞ്ചുമണിക്കൂറിലേറെ പൊലീസ് ശ്രീമഹേഷിനെ ചോദ്യം ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചതായാണ് പൊലീസിന്റെ നിഗമനം. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യമാണ് പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

കൊലപാതകം നടത്തുന്നതിനായി ഓണ്‍ലൈനില്‍ മഴു വാങ്ങാന്‍ പ്രതി ശ്രമിച്ചിരുന്നു. ഓണ്‍ലൈനില്‍ മഴു ഓര്‍ഡര്‍ ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മഴു മാവേലിക്കരയില്‍ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാള്‍ കുട്ടിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കട്ടിലിന് അടിയില്‍ നിന്നും മഴു കണ്ടെടുത്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article