ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി മുത്താമ്പി സ്വദേശി പുത്തലത്ത് ലേഖയാണ് കൊല്ലപ്പെട്ടത്. ലേഖയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് രവീന്ദ്രൻ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. രവീന്ദ്രൻ ലേഖയെ വീടിനകത്ത് വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രതി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. ഇവർക്ക് മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്. പൊലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ എൻ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.