അരുണാചൽ പ്രദേശിൽ മലയാളികൾ മരിച്ച സംഭവത്തിൽ, നവീൻ 7 വർഷം മുമ്പേ ആത്മഹത്യ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ്. സിറോ തെരഞ്ഞെടുക്കാൻ കാരണം ഉയർന്ന സ്ഥലത്ത് മരിക്കണമെന്ന അന്ധവിശ്വാസം. മരണത്തിന് പിന്നിൽ അന്ധവിശ്വാസമെന്ന് തെളിയിക്കുന്ന വിവരങ്ങൾ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു.
പ്രളയം വന്ന് ഭൂമി നശിക്കുമെന്നും, അതിന് മുൻപ് അന്യഗ്രഹത്തിൽ പോയി താമസിക്കുക എന്നുമുള്ള ചിന്തകളാണ് അരുണാചൽ പ്രദേശിലെ മലയാളികളെ ആത്മഹത്യയിലേക്ക് നയിച്ചത്. മറ്റൊരു ലോകത്ത് പുനർജനിക്കുമെന്നും ഇവർ വിശ്വാസച്ചിരുന്നു.
നവീൻ 7 വർഷം മുമ്പേ ആത്മഹത്യ ആസൂത്രണം ചെയ്തിരുന്നതായും ദേവിയെയും ആര്യയെയും അന്യഗ്രഹവാസത്തെക്കുറിച്ച് പറഞ്ഞ് വിശ്വസിപ്പിച്ചത് നവീൻ ആണെന്നുമുള്ള തെളിവുകൾ പോലീസിന് ലഭിച്ചു. ഉയർന്ന സ്ഥലത്ത് മരിക്കണമെന്ന അന്ധവിശ്വാസമാണ് മരണത്തിന് സിറോ തെരഞ്ഞെടുക്കാനുള്ള കാരണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് കഴിഞ്ഞ ദിവസം പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നു. പ്രത്യേക വിശ്വാസത്തിന് ഉപയോഗിക്കുന്നുവെന്ന് കരുതുന്ന ഡ്രാഗൺ, ഏലിയൻ ചിത്രങ്ങളും കത്തികളും സ്ഫടികക്കല്ലുകളും കാറിൽ നിന്ന് കണ്ടെടുത്തിരുന്നു.
ഡോൺ ബോസ്‌കോ എന്ന പേരിൽ ആര്യക്ക് മെയിൽ അയച്ചത് നവീനെന്ന സംശയവും പോലീസിനുണ്ട്. കൂടാതെ ആന്‍ഡ്രോമെഡ ഗ്യാലക്‌സിയിലെ മിതി എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായി ഇവർ സംസാരിക്കുന്ന പിഡിഎഫ് രേഖകളും യൂട്യൂബ് ലിങ്കുകളും കണ്ടെത്തിയിരുന്നു .
നവീന്റെ കോട്ടയത്തെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. അതേസമയം മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്ന പരിശോധന കൂടി നടത്തുകയാണ് പൊലീസ്.