എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തെയ്യംകെട്ടിയ സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. കണ്ണൂര്‍ ചിറക്കലിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
ആചാരത്തിന്റെ ഭാഗമായി തെയ്യം തീ കനലില്‍ ചാടുന്നുണ്ട്. തെയ്യം കഴിഞ്ഞതിന് പിന്നാലെ അവശനിലയിലുള്ള കോലധാരിയായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. ചിറക്കല്‍ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. കുട്ടിയെക്കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിക്കരുതെന്ന് നേരത്തെ തന്നെ ബാലാവകാശ കമ്മീഷന്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.