തിരുവനന്തപുരത്ത് പതിനാറുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി ആര്യനാട് സ്വദേശിക്ക് നാല്‍പ്പത്തി ഒമ്പത് വര്‍ഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
2021 ആഗസ്റ്റ് മൂന്നിനാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൈകള്‍ പിന്നോട്ടാക്കി ഷാള്‍ വെച്ച് കെട്ടിയും വായ പൊത്തി പിടിച്ചുമായിരുന്നു പീഡനം. 2021 സെപ്തംബര്‍ 24 നും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ വീട്ടുകാര്‍ പുറത്ത് പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു പീഡനം. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുമെന്നും പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. ഇത് ഭയന്ന് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വയറ് വേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് ആര്യനാട് പൊലീസ് കേസ് എടുത്തു.
ഇരുപത്തി ഒന്ന് സാക്ഷികള്‍, മുപ്പത്തിമൂന്ന് രേഖകള്‍ ഏഴ് തൊണ്ടിമുതലുകള്‍ എന്നിവ കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതി മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.