കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം തട്ടാനെത്തിയ ആറ് പേരടങ്ങിയ കുപ്രസിദ്ധ ക്രിമിനല്‍ സംഘം അറസ്റ്റില്‍.
കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി മൂന്ന് കിലോയിലധികം കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറു പേരെയാണ് എയര്‍പോര്‍ട്ട് പരിസരത്ത് വെച്ച് പോലീസ് പിടികൂടിയത്. സ്വര്‍ണ്ണവുമായി വരുന്ന മറ്റ് രണ്ട് യാത്രക്കാരുടെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയ മൂന്നാമത്തെ കാരിയറും യാത്രക്കാരനുമായ മറ്റൊരാളെ പിന്നീട് മഞ്ചേരിയില്‍ വെച്ചും അറസ്റ്റ് ചെയ്തു.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ കല്ലുവെട്ടിക്കുഴിയില്‍ മുഹമ്മദ് സുഹൈല്‍, ചേലക്കാട്ടുതൊടി അന്‍വര്‍ അലി, ചേലക്കാട്ടുതൊടി മുഹമ്മദ് ജാബിര്‍ , പെരിങ്ങാട്ട് അമല്‍കുമാര്‍, പാലക്കാട് ഒറ്റപ്പാലം സ്വദേശി മടായി മുഹമ്മദലി, മണ്ണാര്‍ക്കാട് ചെന്തല്ലൂര്‍ സ്വദേശി ആനക്കുഴി ബാബുരാജ് എന്നിവരാണ് പിടിയിലായത്.
ക്യാരിയര്‍മാരില്‍ നിന്ന് സ്വര്‍ണം തട്ടാനായിരുന്നു സംഘത്തിന്റെ പദ്ധതി. ഒന്നേമുക്കാല്‍ കോടി വില മതിക്കുന്ന സ്വര്‍ണവുമായി വിമാനത്താളത്തില്‍ വന്നിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. എയര്‍പോര്‍ട്ട് പരിസരത്ത് വെച്ച് പോലീസാണ് കവര്‍ച്ചാ സംഘത്തെ പിടികൂടിയത്.