തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യര്‍ഥന നിരസിച്ചതിന് സൂര്യഗായത്രിയെ അരുണ്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
2021 ഓഗസ്റ്റ് 30നായിരുന്നു കൊലപാതകം.പേയാട് ചിറക്കോണം സ്വദേശി അരുണ്‍ സൂര്യ ഗായത്രിയെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ കണ്‍മുന്നിലിട്ട് 33 കുത്ത് കുത്തിയാണ് കൊലപ്പെടുത്തിയത്. സൂര്യയുടെ തല ചുമരില്‍ പലവട്ടം ഇടിച്ചു മുറുവേല്‍പ്പിച്ചു. പിതാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ അരുണ്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സമീപത്തെ വീടിന്റെ ടെറസിനു മുകളില്‍ ഒളിക്കാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ശാരീരിക വെല്ലുവിളി നേരിടുന്നവരാണു സൂര്യഗായത്രിയുടെ അച്ഛനും അമ്മയും. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ഇയാള്‍ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കേസില്‍ ശിക്ഷ നാളെ വിധിക്കാനിരിക്കെ മകള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം