തൃശൂർ പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി മലയാളി എന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. ഇയാൾ രക്ഷപ്പെട്ട വാഹനത്തിൻറെ നമ്പർ വ്യാജമാണെന്നും പോലീസ് കണ്ടെത്തി. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണെന്ന് മോഷ്ടാവ് എന്നു കൂടി കണ്ടെത്തിയതോടെ ബാങ്ക് ജീവനക്കാരെ കൂടി അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് പോലീസ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബാങ്കിനുള്ളിൽ കയറി മോഷണം നടത്തി പ്രതി രക്ഷപ്പെടുന്നത് . മോഷ്ടാവ് പ്രദേശത്തെക്കുറിച്ചും ബാങ്കിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആളാണെന്നുള്ള സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും. ഇയാൾ രക്ഷപ്പെട്ടതിന് ശേഷമുള്ള തുടർ അന്വേഷണങ്ങളിൽ ആണ് പ്രതി മലയാളി തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മോഷണം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ടിവിഎസ് എൻ ടോർക്ക് സ്കൂട്ടറിൽ ആദ്യം എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചു. പിന്നീട് യൂ ടേൺ എടുത്ത് തൃശ്ശൂർ ഭാഗത്തേക്ക് സഞ്ചരിച്ച പ്രതി പേരാമ്പ്ര വരെ സഞ്ചരിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. എന്നാൽ പേരാമ്പ്രയിൽ നിന്ന് പിന്നീടങ്ങോട്ടുള്ള ദേശീയപാതയിലെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചില്ല. ഇതോടെ പ്രതി പേരാമ്പ്രയിൽ നിന്ന് ഇടവഴിയിലൂടെ സഞ്ചരിച്ചിരിക്കാനാണ് സാധ്യത എന്ന നിഗമനത്തിൽ എത്തി പോലീസ്. ഇതോടെ പേരാമ്പ്രയുടെ പരിസരപ്രദേശങ്ങളിലേക്കാണ് ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. അതിനിടെ തൃശ്ശൂർ ജില്ലയിൽ വിറ്റഴിച്ച ടിവിഎസ് എൻ ടോർക്ക് വാഹനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു.
കവർച്ചക്ക് ശേഷം വാഹനം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും ടൂവീലറിനെ കുറിച്ചുള്ള അന്വേഷണം കേസിൽ തുമ്പു ഉണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. മോഷണ രീതിയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് പ്രതിക്ക് ബാഹ്യ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജ്ജിത പ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.