പോട്ട ബാങ്ക് കവർച്ചാ കേസിലെ കവർച്ചാപ്പണം മുഴുവൻ കണ്ടെടുത്തു. അന്നനാട് സ്വദേശിയായ കടക്കാരനു നൽകിയ 290,000 രൂപ ഇന്നലെത്തന്നെ അയാൾ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തി തിരിച്ചേൽപ്പിച്ചു. ബാക്കിയുള്ള 12 ലക്ഷം രൂപ പ്രതിയുടെ വീട്ടിലെ കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്നും പോലീസ് കണ്ടെടുത്തു. മോഷ്ടിക്കാൻ ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും വീട്ടിലെ അടുക്കളയിൽ നിന്നുമാണ് പോലീസ് പിടിച്ചെടുത്തത് .
റിജോയെ ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ചാണ് ഇവ കണ്ടെടുത്തത്. റിജോയ് ഇന്ന് രാവിലെ 10 മണിയോടെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും. അതിനിടെ പ്രതി ചാലക്കുടി പള്ളിപ്പെരുന്നാളിന് എത്തി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പള്ളിപ്പെരുന്നാളിന് വന്ന ബൈക്കിന്റെ നമ്പർ മോഷ്ടിച്ച് ആണ് പ്രതിയുടെ വണ്ടിയിൽ ഘടിപ്പിച്ച് മോഷണത്തിനായി ഇറങ്ങിയത്. ഇന്നലെ വൈകിട്ടോടെയാണ് പ്രതിയെ പോട്ട ആശാരിപ്പറയിലെ വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പോലീസ് പ്രതിയുടെ വീട്ടിലെത്തിയത്. 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്നും അത് വീട്ടാനായിരുന്നു മോഷണം എന്നും പ്രതി പോലീസിനോട് ഇന്നലെ തന്നെ സമ്മതിച്ചിരുന്നു.