സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മൈസൂര്‍ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതക കേസില്‍ മാസം അവസാനം വിധി പറയും. ഒരു വര്‍ഷത്തോളം നീണ്ട നിന്ന വാദങ്ങള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. കേസില്‍ നിര്‍ണായകമാവുക ശാസ്ത്രീയ പരിശോധന ഫലങ്ങളാണ്.
മൃതദേഹ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനാകാതെ വിചാരണ പൂര്‍ത്തിയാക്കിയ അപൂവമായിട്ടുള്ള കൊലക്കേസാണ് ഷാബ ഷെരീഫ് കേസ്. 2019 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
മൈസൂര്‍ സ്വദേശിയായ ഷാബാ ഷെരീഫിനെ മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്റഫിന്റെ സംഘം തട്ടിക്കൊണ്ടു വന്നു. ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നും പിന്നീട് 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്.
മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. കേസില്‍ നിര്‍ണായകമായത് ഡിഎന്‍എ പരിശോധന ഫലമായിരുന്നു. ഈ ശാസ്ത്രീയ പരിശോധന ഫലവും മാപ്പുസാക്ഷിയാക്കപ്പെട്ട കേസിലെ ഏഴാം പ്രതിയായിരുന്ന നൗഷാദിന്റെ സാക്ഷി മൊഴികളും ആണ് കേസില്‍ നിര്‍ണായകമായത്.
2024 ഫെബ്രുവരി 15ന് ആയിരുന്നു കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. നൗഷാദ് സാമ്പത്തിക ലാഭത്തിനുവേണ്ടി കള്ളം പറയുന്നുവെന്ന് മറുവാദമാണ് പ്രതിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ 15 പ്രതികള്‍ ആണുള്ളത്. ഏഴാം പ്രതിയായ നൗഷാദ് മാപ്പ് സാക്ഷിയായി.
പിടികൂടാന്‍ ഉണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ വച്ച് മരണപ്പെട്ടു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവില്‍ ആണ്. ഈ മാസം 27 ന് ആണ് കേസ് വീണ്ടും കോടതി പരിഗണിക്കുന്നത്.