Share this Article
Union Budget
ക്രൂര റാഗിങ്ങിന് ഇരയായി ജീവനൊടുക്കിയ സിദ്ധാര്‍ത്ഥന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്
 Siddharth

ക്രൂര റാഗിങ്ങിന് ഇരയായി ജീവനൊടുക്കിയ പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന് ഒരു വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ല. കേസില്‍ 17 പേര്‍ പ്രതികളാണെന്ന് കണ്ടെത്തിയിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

2024 ഫെബ്രുവരി 18നായിരുന്നു കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗിംങ് നടത്തിയതില്‍ മനം നൊന്താണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതെന്നും കണ്ടെത്തി. 

ദേഹമാസകലം 19 ഗുരുതരമുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് 17 വിദ്യാര്‍ഥികളെ സര്‍വകലാശാലയിലെ ആന്റി റാഗിംഗ് കമ്മിറ്റി മൂന്നുവര്‍ഷത്തേക്ക് കോളേജില്‍ നിന്ന് നീക്കി. വിസിയെയും പുറത്താക്കി. കോളേജിന്റെ ഡീനിനേയും, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനേയും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. 

കോളേജിലെ ഒരുവിദ്യാര്‍ഥി ക്രൂരമായ റാഗിംങിന് വിധേയമായി മരണപ്പെട്ടതായി അറിഞ്ഞിട്ടും വി.സിയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ പ്രൊമോഷനുകള്‍ നല്‍കാനുള്ള സെലക്ഷന്‍ കമ്മിറ്റികള്‍ അന്ന് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അവധി ദിവസം വീട്ടിലേയ്ക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലേക്ക് മടക്കി വിളിച്ചാണ് ക്രൂരമായി റാഗ് ചെയ്തത്. 

തുടര്‍ന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ മൂന്നുമാസങ്ങള്‍ക്ക് ശേഷം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. കൂടാതെ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ കോളേജില്‍ പ്രവേശിപ്പിക്കാനും പരീക്ഷ എഴുതാന്‍ അനുവദിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കോടതി ഉത്തരവിനെതിരെ സര്‍വ്വകലാശാല അപ്പീല്‍ നല്‍കാന്‍ തയ്യാറായില്ലെങ്കിലും സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത് കൊണ്ട് പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനായിട്ടില്ല. സിദ്ധാര്‍ത്ഥത്ഥന് നീതി ലഭിക്കണമെന്ന് മാതാപിതാക്കള്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories